ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
ഈരാറ്റുപേട്ട: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസ്(35) ആണ് കണ്ണൂർ പൊലീസിന്റെ പിടിയിലായത്. പെൺകുട്ടി സ്കൂളിലെത്താൻ വൈകിയതിനെ തുടർന്ന് അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത പൊലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതി ഇക്കാര്യം മറച്ചുവച്ചാണ് കുട്ടിയുമായി സൗഹൃദത്തിലായത്.ഈരാറ്റുപേട്ടയിലെത്തി ലോഡ്ജിൽ മുറിയെടുത്തശേഷം ഇയാൾ സ്കൂളിനു സമീപമെത്തി കുട്ടിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി ലോഡ്ജിൽ എത്തിക്കുകയായിരുന്നു. കുട്ടിയെ പീഡിപ്പിച്ച ശേഷം തിരിച്ച് സ്കൂളിനു സമീപം ഇറക്കിവിട്ട ഇയാൾ കടന്നുകളയുകയായിരുന്നു. കൂടുതൽ വിവരങ്ങളൊന്നും ലഭിക്കാത്തതിനാൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം നടന്നത്. ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് എബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ എസ്ഐ തോമസ് സേവ്യർ. എഎസ്ഐ ഏലിയാമ്മ ആന്റണി, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ ആർ ജിനു, സിവിൽ പൊലീസ് ഓഫീസർ ശരത് കൃഷ്ണദേവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാന്റ് ചെയ്തു.