വീണ്ടും മൂന്ന് ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകൾ; രോഗികളുടെ എണ്ണത്തിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത്
ന്യൂഡൽഹി: കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് 3,06,064 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.2 ശതമാനം കുറവാണ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22,49,335 ആയി. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 3,95,43,328 കൊവിഡ് കേസുകളാണ്. നിലവിൽ 20.75 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 439 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണസംഘ്യ 4,89,848 ആയി ഉയർന്നു.50,210 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത കർണാടകയാണ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് കേരളമാണ്. 45,449 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. 40,805 പുതിയ രോഗികളുമായി മഹാരാഷ്ട്രയാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് തമിഴ്നാടാണ്. 30,580 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. 16,617 രോഗികളുള്ള ഗുജറാത്താണ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് അഞ്ചാംസ്ഥാനത്ത്.