കന്യാസ്ത്രീ പീഡന കേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ പോകും
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിയ്ക്കെതിരെ അപ്പീൽ പോകും. അപ്പീൽ നൽകാനുള്ള നിയമോപദേശം സ്പെഷ്യൽ പ്രോസിക്യൂട്ടർ ജിതേഷ് ബാബു ജില്ലാ പൊലീസ് മേധാവിക്ക് നിയമോപദേശം കൈമാറി.മിഷണറീസ് ഒഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014മുതൽ 2016വരെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി ഗോപകുമാറാണ് വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ ബാബുവും സുബിൻ കെ വർഗീസും, പ്രതിഭാഗത്തു നിന്നും ബി രാമൻപിള്ള, സി എസ് അജയൻ എന്നീ അഭിഭാഷകരുമാണ് ഹാജരായത്.കോടതി വിധിയ്ക്കെതിരെ അപ്പീൽ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ കോട്ടയം ജില്ലാ പൊലീസ് മേധാവിയും ഇപ്പോൾ പൊലീസ് ആസ്ഥാനത്ത് എഐജിയുമായ എസ് ഹരിശങ്കർ പറഞ്ഞിരുന്നു. മരിക്കേണ്ടി വന്നാലും നീതിയ്ക്കായി പോരാട്ടം തുടരുമെന്നും അപ്പീൽ നൽകുമെന്നും പീഡനത്തിനിരയായ കന്യാസ്ത്രീയെ പിന്തുണയ്ക്കുന്ന സിസ്റ്റർ അനുപമയും മറ്റ് കന്യാസ്ത്രീകളും പറഞ്ഞിരുന്നു.