കസ്റ്റംസിനെ വെട്ടിച്ച് പുറത്തേക്ക്, സ്വര്‍ണം തട്ടാന്‍ മറ്റൊരുസംഘം; കരിപ്പൂരില്‍ നാടകീയരംഗങ്ങള്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസിന്റെ വന്‍ സ്വര്‍ണവേട്ട. കസ്റ്റംസിനെ വെട്ടിച്ച കടത്തിയ ഒരു കിലോ സ്വര്‍ണ മിശ്രിതമാണ് പോലീസ് പിടികൂടിയത്. കള്ളക്കടത്ത് സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ രണ്ട് പേരും പോലീസ് പിടിയിലായി.
തിരൂര്‍ സ്വദേശി ഷക്കീബ് ചുള്ളിയിലാണ് അബുദാബിയില്‍ നിന്ന് സ്വര്‍ണം കടത്തിയത്. ഷക്കീബിനേയും കള്ളക്കടത്ത് സ്വര്‍ണം തട്ടിക്കൊണ്ട് പോകാന്‍ എത്തിയ രണ്ട് കൊടുവള്ളി സ്വദേശികളുമാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് തിരൂര്‍ സ്വദേശി ഷക്കീബ് സ്വര്‍ണം കടത്തിയത്. ഇയാള്‍ വിമാനമിറങ്ങി പുറത്ത് വന്നതിന് ശേഷം പാര്‍ക്കിങ് ഏരിയയിലേക്ക് വാഹനം കയറാന്‍ പോകുന്നതിനിടെ ആറോളം പേര് ഷക്കീബുമായി പിടിവലി കൂടുകയായിരുന്നു. തുടര്‍ന്ന് ഇത് കണ്ട പുറത്തുണ്ടായിരുന്ന പോലീസ് ഇടപെടുകയായിരുന്നു. തുടര്‍ന്നാണ് ഇവരില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്. ഇതിനിടെ നാല് പേര് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. പിടിയിലായ മൂന്ന് പേരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
രാമനാട്ടുകര സ്വര്‍ണകവര്‍ച്ചയ്ക്ക് ശേഷം സ്വര്‍ണം കൊള്ളയടിക്കുന്നവരെ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. നിരവധി പേര് തുടര്‍ന്ന് പിടിയിലാവുകയും ചെയ്തിരുന്നു. ഇന്നലെയാണ് കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ പുതിയ പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചത്.