തെളിവുകൾ പരിശോധിച്ചു, ദിലീപ് ചോദ്യം ചെയ്യലിന് ഹാജരാകണം; അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ബുധനാഴ്ച വരെ തീർപ്പാക്കില്ലെന്ന് ഹൈക്കോടതി. ഏത് സമയത്തും പൊലീസിന് ചോദ്യം ചെയ്യാം. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
അന്വേഷണ പുരോഗതി പ്രോസിക്യൂഷൻ ചൊവ്വാഴ്ച അറിയിക്കണം. ഡി ജി പി ഹാജരാക്കിയ തെളിവുകൾ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം. ക്രിമിനൽ ഗൂഢാലോചന്ക്ക് അന്വേഷണ സംഘത്തിന് സൂചനകൾ കിട്ടി. ഗൂഢാലോചന തന്നെ കുറ്റമായി കണക്കാക്കണം. സാക്ഷികളെ സ്വാധീനിച്ചില്ലെന്ന് എങ്ങനെ ഉറപ്പാക്കാനാകുമെന്നും കോടതി പ്രതിഭാഗത്തോട് ചോദിച്ചിരുന്നു.ദിലീപിന് മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണത്തിന് തന്നെ പ്രസക്തി ഇല്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.