മകളെ പീഡിപ്പിച്ചയാളെ കോടതിയ്ക്ക് മുന്നിൽ കൊലപ്പെടുത്തി മുൻ ബി എസ് എഫ് ഉദ്യോഗസ്ഥൻ; അറസ്റ്റ്
ഖൊരക്പൂർ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവച്ചു കൊന്ന് പിതാവ്. ഉത്തർപ്രദേശിലെ ഖൊരക്പൂരിൽ കളക്ട്രേറ്റിന് സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. പോക്സോ കേസിൽ വാദം കേൾക്കുന്നതിനായി ഇരു കക്ഷികളും കോടതി പരിസരത്ത് എത്തിയപ്പോൾ വിരമിച്ച ബി എസ് എഫ് ഉദ്യോഗസ്ഥനായ ഭഗ്വദ് നിഷാദ് പ്രതിയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.ബീഹാർ സ്വദേശിയായ ദിൽഷദ് ഹുസൈനിനാണ് വെടിയേറ്റത്. ലൈംഗികാതിക്രമത്തിന് ഇയാൾക്കെതിരെ സിവിൽ കോടതിയിൽ വിചാരണ നടക്കുകയായിരുന്നു. പെൺകുട്ടിയുടെ വീടിന് സമീപം ഇയാൾ സൈക്കിൾ നന്നാക്കുന്ന കട നടത്തിയിരുന്നു. 2020 ഫെബ്രുവരി 12ന് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഫെബ്രുവരി 17ന് ഭഗ്വദ് ഇയാൾക്കെതിരെ കേസ് ഫയൽ ചെയ്തു. പിന്നാലെ 2021 മാർച്ച് 12ന് പൊലീസ് ദിൽഷദിനെ പിടികൂടുകയും പെൺകുട്ടിയെ തിരികെ വീട്ടിലെത്തിക്കുകയും ചെയ്തു.ജാമ്യത്തിലിറങ്ങിയ ദിൽഷദ് കൊവിഡ് നിയന്ത്രങ്ങൾ മൂലം കോടതിക്കുള്ളിൽ പ്രവേശിക്കാൻ സാധിക്കാത്തതിനാൽ തന്റെ വക്കീലിനെ കാണാൻ ഗേറ്റിന് സമീപം നിൽക്കുകയായിരുന്നു. തുടർന്ന് കോടതിയ്ക്ക് പുറത്ത് ഇരു കക്ഷികളും തമ്മിൽ നടന്ന വാക്കേറ്റത്തിനൊടുവിലാണ് സംഘർഷമുണ്ടായത്. ഇതിന് പിന്നാലെ മകളെ പീഡനത്തിനിരയാക്കിയ പ്രതിയെ പിതാവ് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്രമം നടത്തിയ വിരമിച്ച കോൺസ്റ്റബിളിനെ പിടികൂടിയെന്നും ആയുധം കണ്ടെടുത്തെന്നും എ ഡി ജി അഖിൽ കുമാർ പറഞ്ഞു. അക്രമി കോടതി പരിസരത്തേയ്ക്ക് പ്രവേശിച്ച ഗേറ്റിൽ വിന്യസിച്ചിരുന്ന പൊലീസുകാർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും എ ഡി ജി അറിയിച്ചു. ഭഗ്വദ് നിഷാദ് എങ്ങനെ കോടതി പരിസരത്തേയ്ക്ക് പ്രവേശിച്ചുവെന്ന് അന്വേഷിക്കുമെന്നും അഖിൽ കുമാർ കൂട്ടിച്ചേർത്തു.