ദുബായ് : അബുദാബി വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച ഉച്ചയോട് കൂടി അമൃത്സറിലെത്തി. ജനുവരി 17-ന് നടന്ന സംഭവത്തിൽ മരിച്ച രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തികരിച്ചതായി യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ട്വീറ്റിൽ അറിയിച്ചു. യുഎഇ ഗവൺമെന്റും അഡ്നോക് ഗ്രൂപ്പും നൽകിയ പിന്തുണയെ വളരെയധികം അഭിനന്ദിക്കുന്നതയും അംബാസഡർ പറഞ്ഞു . ആക്രമണത്തിൽ പരിക്കേറ്റ ആറ് പേരിൽ രണ്ട് ഇന്ത്യക്കാരും ഉണ്ടെന്നും ചികിത്സയ്ക്ക് ശേഷം ഇരുവരെയും തിങ്കളാഴ്ച രാത്രി ഡിസ്ചാർജ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
തിങ്കളാഴ്ച ഹൂതി വിമതർ അവകാശപ്പെട്ട ആക്രമണത്തിൽ അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (ADNOC) എല്ലാ ജീവനക്കാരയാ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ പൗരനും കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു .
ഈ യുഗത്തിലും നിരപരാധികളായ സാധാരണക്കാർക്ക് നേരെയുള്ള ഇത്തരം ആക്രമണം അംഗീകരിക്കാനാവില്ലെന്നും എല്ലാ പരിഷ്കൃത മാനദണ്ഡങ്ങൾക്കും വിരുദ്ധമാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അപലപിച്ചു . ഈ ദാരുണമായ സംഭവത്തിൽ യുഎഇ അധികൃതർ എംബസിക്ക് നൽകിയ അടിയന്തര സഹായത്തെ ജയശങ്കർ അഭിനന്ദിച്ചു.
ജനുവരി 17 ന് അബുദാബിയിൽ ഹൂതികൾ നടത്തിയ ഭീകരാക്രമണങ്ങളെ അഭിസംബോധന ചെയ്യാൻ കൗൺസിൽ യോഗം ചേരണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ജനുവരി മാസത്തെ യുഎൻ രക്ഷാസമിതിയുടെ പ്രസിഡന്റായ നോർവേയ്ക്ക് യുഎഇ ചൊവ്വാഴ്ച ഒരു കത്ത് സമർപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ പൂർണ്ണമായും അവഗണിച്ചുകൊണ്ട് ആരംഭിച്ച ഈ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കാനും അഭ്യർത്ഥിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് യു.എ.ഇയുടെ സ്ഥിരം പ്രതിനിധി ലാന നുസൈബെ പറഞ്ഞു.