വായ്പ വാങ്ങിയ 25 ലക്ഷം രൂപ തിരികെ ചോദിച്ച യുവതിയെ ബിജെപി കൗണ്‍സിലര്‍ ഉമേഷ് കാംബ്ലെ വെടിവെച്ചുകൊന്നു;
ബെല്‍ഗാവി: വായ്പ വാങ്ങിയ 25 ലക്ഷം രൂപ തിരികെ ചോദിച്ച യുവതിയെ വെടിവെച്ചുകൊന്നു. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് ബി.ജെ.പി കൗണ്‍സിലറെ അറസ്റ്റ് ചെയ്തു. ബെല്‍ഗാവി ജില്ലയിലെ ഹുക്കേരി സ്വദേശിനി ഗൗരവ സുബേദാര്‍ (56)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍ ഉമേഷ് കാംബ്ലെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉമേഷിന് പുറമെ മറ്റ് രണ്ട് പേര് കൂടി കേസില്‍ പ്രതികളാണ്. ഇവര്‍ ഒളിവില്‍ കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു. ഉമേഷ് കാംബ്ലെ കഴിഞ്ഞ ദിവസം നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ച് ഗൗരവയെ നെഞ്ചിലും കൈയിലും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സങ്കേശ്വര് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രമേഷ് ചയാഗോള, സബ് ഇന്‍സ്പെക്ടര്‍ ഗണപതി കൊങ്ങനോളി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. സാമ്പത്തിക ഇടപാട് നടത്താറുള്ള ഗൗരവയില്‍ നിന്ന് ഉമേഷ് 25 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ പണം തിരികെ നല്‍കണമെന്ന് യുവതി ഉമേഷിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഗൗരവയെ കൊലപ്പെടുത്താന്‍ ഉമേഷ് പദ്ധതിയിടുകയായിരുന്നു. ഉമേഷ് മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നിന്ന് മറ്റ് രണ്ട് പ്രതികളുടെ സഹായത്തോടെ പിസ്റ്റള്‍ കൊണ്ടുവന്ന് ഗൗരവയെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഒളിവില്‍ കഴിയുന്ന മറ്റ് രണ്ട് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഇവരെ ഉടന്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.