പ്രതിനിധി സമ്മേളനത്തിന് 185 പേർ; സിപിഎം കാസർകോട് ജില്ലാ സമ്മേളനത്തിന് പ്രൗഢഗംഭീര തുടക്കം
മടിക്കൈ: സിപിഎം കാസർകോട് ജില്ലാ സമ്മേളനത്തിന് മടിക്കൈ അമ്പലത്തുകരയിൽ ‘ പ്രൗഢഗംഭീര തുടക്കം. പാർട്ടി കോട്ടയായ മടിക്കൈ അമ്പലത്തുകരയിലാണ് മൂന്ന് ദിവസത്തെ സമ്മേളനം നടക്കുന്നത്. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള രാവിലെ പത്തിന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.. 185 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പി ജയരാജൻ, എം വി ഗോവിന്ദൻ, പി കെ ശ്രീമതി, കെ കെ ശൈലജ, ആനത്തലവട്ടം ആനന്ദൻ , ടി പി രാമകൃഷ്ണൻ, ടി.വി രാജേഷ് എംഎൽഎ, പി കരുണാകരൻ തുടങ്ങിയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്..
കൊവിഡ് വ്യാപനം വർധിച്ച പശ്ചാത്തലത്തിൽ ആരോഗ്യ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് സമ്മേളനം നടത്തുന്നതെന്ന് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ വ്യക്തമാക്കി. അഞ്ഞൂറിലധികം പേർക്കിരിക്കാവുന്ന ഹാളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനം നടക്കുന്നത് . വിവിധ കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുക്കും. ജില്ലാ കമ്മിറ്റിയിൽ ഒരു പൊളിച്ചെഴുത്ത് പ്രതീക്ഷിക്കുന്നുണ്ട്. പത്ത് പേരെ മാറ്റിയേക്കുമെന്നാണ് സൂചന. വനിതാ പ്രാതിനിത്യം ഉയർത്തി പുതുമുഖങ്ങൾക്ക് അവസരം നൽകിയാകും പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വരിക. ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണൻ തുടരാനാണ് സാധ്യത.