ആശങ്കയും ഭയവും വേണ്ട, രോഗലക്ഷണമുള്ളവർ പുറത്തു പോകരുത്; അടച്ചുപൂട്ടൽ അവസാന മാർഗമെന്നും ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി. പനി ഉള്ളവർ പുറത്തിറങ്ങരുതെന്നും രോഗലക്ഷമുണ്ടെങ്കിൽ പരിശോധന നിർബന്ധമാണെന്നും വീണാജോർജ് പറഞ്ഞു. അടച്ചിടൽ അവസാന മാർഗമായിരിക്കും.കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങളിലെ വിമർശനങ്ങൾക്കും ആരോഗ്യമന്ത്രി മറുപടി പറഞ്ഞു. ഇപ്പോൾ അവലംബിച്ചിരിക്കുന്നത് ശാസ്ത്രീയ മാനദണ്ഡങ്ങളാണ്. ആദ്യ തരംഗങ്ങളിൽ നിന്നും ഭിന്നമായ പ്രതിരോധ മാർഗങ്ങളാണ് സ്വീകരിക്കുന്നത്. ഓരോ തരംഗത്തിലും ഓരോ തരത്തലുള്ള പ്രതിരോധ രീതിയാണ് സ്വീകരിക്കേണ്ടത്.കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ക്ലസ്റ്റർ മാനേജ്മെന്റ് ഗൈഡ്ലൈൻ പുറത്തിറക്കിയുട്ടുണ്ട്. അതനുസരിച്ച് സ്ഥാപനങ്ങളിൽ ഇൻഫെക്ഷൻ കൺട്രോൾ ടീം വേണം. ഇവർക്ക് പ്രത്യേകം പരിശീലനം നൽകണം. പത്തിൽ അധികം രോഗികളുണ്ടെങ്കിൽ അവിടം ക്ലസ്റ്ററാണ്. അഞ്ച് വലിയ ക്ലസ്റ്ററുണ്ടെങ്കിൽ സ്ഥാപനം അഞ്ച് ദിവസത്തേക്ക് അടച്ചിടണം.സംസ്ഥാനത്ത് കൊവിഡ് ബാധിച്ച 1,99,041 പേരിൽ 3 ശതമാനം മാത്രമാണ് ആശുപത്രിയിലുള്ളത്. 0.7 ശതമാനത്തിനാണ് ഓക്സിജൻ കിടക്ക ഇപ്പോൾ ആവശ്യമുള്ളത്. വെന്റിലേറ്ററുകളുടെ ഉപയോഗത്തിൽ 2 ശതമാനം കുറവുണ്ടായി. 18 വയസിന് മുകളിലുള്ള 100% പേർക്കും ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി. ഒമിക്രോൺ ഡെൽറ്റയേക്കാൾ മാരകമല്ലെന്നും അതുകൊണ്ട് തന്നെ ആശങ്കയും ഭയവും വേണ്ടെന്നും മന്ത്രി പറഞ്ഞു.