വീട്ടമ്മ പൊലീസ് സ്റ്റേഷനിലെത്തിയത് ഭർത്താവിന്റെ അറുത്തെടുത്ത തലയും കവറിലിട്ട്, കൊടും ക്രൂരതയ്ക്ക് പിന്നിൽ ഒരേയൊരു കാരണം മാത്രം
തിരുപ്പതി: അവിഹിതബന്ധമുണ്ടെന്ന സംശയത്തിൽ ഭർത്താവിനെ കുത്തിക്കൊന്ന ശേഷം അറുത്തെടുത്ത തലയുമായി അമ്പത്തിമൂന്നുകാരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ റെനിഗുണ്ടയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വസുന്ധര എന്ന സ്ത്രീയാണ് ഭർത്താവ് രവിചന്ദറിനെ കൊലപ്പെടുത്തിയത്.വ്യവസായിയാണ് രവിചന്ദർ. 25 വർഷം മുമ്പായിരുന്നു വസുന്ധരയുമായുള്ള വിവാഹം. ഇരുപതുവയസുള്ള ഒരു മകനുണ്ട്. അടുത്തിടെയായിരുന്നു ഇവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയത്. ഭർത്താവിന് അവിഹിതബന്ധമുണ്ടെന്ന് സംശയം തോന്നിയതോടെ വസുന്ധര ഇതിനെ ചോദ്യംചെയ്തു. ഇതോടെ വീട്ടിൽ വഴക്ക് നിത്യസംഭവമായി. കഴിഞ്ഞദിവസം രാത്രി വീട്ടിലെത്തിയ രവിചന്ദറും വസുന്ധരയും തമ്മിൽ വാക്കേറ്റമുണ്ടായി.കലികയറിയ വസുന്ധര ഭർത്താവിനെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. മാരകമായി കുത്തേറ്റ രവിചന്ദ് തൽക്ഷണം മരിച്ചു. എന്നിട്ടും കലിയടങ്ങാത്ത വസുന്ധര ഭർത്താവിന്റെ തല അറുത്തെടുത്തശേഷം പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് ഓട്ടോറിക്ഷയിൽ കയറി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ചെന്നപാടെ പൊലീസുകാരോട് വിവരം പറയുകയും വിശ്വാസം വരാനായി അറുത്തെടുത്ത തല കാണിക്കുകയും ചെയ്തു.വസുന്ധരയെ അറസ്റ്റുചെയ്ത പൊലീസ് രവിചന്ദറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇപ്പോൾ വ്യക്തമല്ലെന്നും അന്വേഷണം പൂർത്തിയാക്കിയശേഷമേ ഇതേക്കുറിച്ച് പറയാനാകൂ എന്നുമാണ് പൊലീസ് പറയുന്നത്.