തൃത്താല: കറന്റ് ചാര്‍ജ് അടക്കാന്‍ പണമില്ലാത്തതിനാല്‍ ഇരുട്ടിലകപ്പെട്ടുപോയ ഒരമ്മയ്ക്ക് സഹായവുമായി കേരള പോലീസ്. കുമരനലൂര്‍ അമേറ്റിക്കരയില്‍ മരണപ്പെട്ട കാരോട്ടുപറമ്ബില് ചാത്തന്‍കുട്ടിയുടെ ഭാര്യ കോച്ചിയമ്മയുടെ വീട്ടിലാണ് കേരള പോലീസ് വെളിച്ചമെത്തിച്ചത്. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ കേരളാ പോലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ അമ്മ സഹായം അഭ്യര്‍ത്ഥിച്ചത് തൃത്താല ജനമൈത്രി പോലീസ് വിഭാഗത്തിലെ ജിജോമോനോടും സമീറലിയോടുമായിരുന്നു. കറന്റ് ബില്‍ അടച്ചില്ലെന്നും കെ.എസ്.ഇ.ബിക്കാര് വന്നു ഫ്യൂസ് ഊരിയെന്നും ഇരുട്ടത്ത് ഇരിക്കേണ്ടി വരുമെന്നുമായിരുന്നു അമ്മ പറഞ്ഞത്. ഇതോടെ ജിജോമോനോടും സമീറലിയും കറന്റ് പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
കൊച്ചുകുടിലില്‍ പ്രകാശം പരത്തിയ തൃത്താലയിലെ പോലീസ്: കറന്റ് ചാര്‍ജ് അടക്കാന്‍ പണമില്ലാത്തതിനാല്‍
ഇരുട്ടിലകപ്പെട്ടുപോയ അമ്മക്ക് പോലീസിന്റെ സഹായം
കുമരനലൂര്‍ അമേറ്റിക്കരയില്‍ മരണപ്പെട്ട കാരോട്ടുപറമ്ബില് ചാത്തന്‍കുട്ടിയുടെ ഭാര്യ കോച്ചിയമ്മ ഇന്ന് തനിച്ചാണ്. മക്കളയെല്ലാം വിവാഹം കഴിപ്പിച്ചു. ഇപ്പോള്‍ വാര്‍ദ്ധക്യത്തോടും അസുഖങ്ങളോടും പടപൊരുതുന്നു അമ്മ. നാല് മാസം കൂടുമ്ബോള്‍ കിട്ടുന്ന തുച്ഛമായ പെന്ഷന് തുകയാണ് അമ്മയ്ക്ക് ആകെയുള്ള വരുമാന മാര്‍ഗ്ഗം. നേരം ഇരുട്ടിയതോടെ ഉമ്മറപ്പടിയിലേക്ക് വന്നു നിന്ന അമ്മ കൈകൂപ്പി സഹായം അഭ്യര്‍ത്ഥിച്ചത് തൃത്താല ജനമൈത്രി പോലീസ് വിഭാഗത്തിലെ ജിജോമോനോടും സമീറലിയോടുമായിരുന്നു. മറ്റൊന്നുമല്ല, കറന്റ് പൈസ അടച്ചില്ല മോനെ, കെ.എസ്.ഇ.ബിക്കാര് വന്നു (ഫ്യൂസ്) ഊരി, ഇന്ന് രാത്രി മുഴുവന്‍ ഞാന്‍ ഇരുട്ടത്തിരിക്കേണ്ടി വരുമെന്നും മണ്ണെണ്ണ വിളക്കിലെ പുക ശ്വസിച്ചു ശ്വസംമുട്ടലോടെ അമ്മ കരഞ്ഞു പറഞ്ഞപ്പോള്‍.. പടിഞ്ഞാറങ്ങാടി കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ചപ്പോള്‍, ഡിസ്കണക്ട് ചെയ്ത കറന്റ് പുനഃസ്ഥാപിക്കാന്‍ ഇന്നിനി സാധിക്കില്ലെന്നതായിരുന്നു പോലീസിന് നല്കിയ മറുപടി.
കണ്ണില്‍ വെള്ളം നിറഞ്ഞ് കൈക്കൂപ്പി നില്ക്കുന്ന അമ്മയെ ഇരുട്ടില്‍ കിടത്തില്ല എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈന്‍ മുഖാന്തരം മുഴുവന്‍ തുകയും പോലീസ് അടയ്ക്കുകയും, കെ.എസ്.ഇ.ബി എ.ഇ നാരായണന്റെ നിര്‍ദ്ദേശത്തോടെ വൈദ്യുതി പുനഃസ്ഥാപിയ്ക്കുകയും ചെയ്തു കൊടുത്തു. കറന്റ് കണക്ഷന് പുനഃസ്ഥാപിച്ചപ്പോള്‍ ഉമ്മറപ്പടിയില്‍ നിന്നിരുന്ന അമ്മ ഇരുവരുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് നടന്നു നീങ്ങിയത് ഇരുട്ടില്‍ നിന്ന് വെളിച്ചം പരത്തിയ തന്റെ ഇടനാഴികയിലേക്കായിരുന്നു. ഇരുട്ടില്‍ അകപ്പെട്ടു പോകുമായിരുന്ന അമ്മക്ക് അടിയന്തര ഇടപെടലിലൂടെ വെളിച്ചവും സുരക്ഷയും ഉറപ്പാക്കാന്‍ സാധിച്ച പോലീസ് ഉദ്യോഗസ്ഥരായ ജിജോമോനും സമീറലിക്കും ഒപ്പം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ നാരായണനും സ്നേഹാഭിനന്ദനങ്ങള്‍