കൊവിഡ് രോഗികളെ പരിപാലിക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങള്‍
രോഗബാധിതരോടൊപ്പമുള്ള സമയത്ത് എന്‍95 മാസ്കോ ഡബിള്‍ മാസ്കോ ഉപയോഗിക്കണം. മാസ്കിന്റെ മുന്‍വശം സ്പര്‍ശിക്കരുത്. മാസ്ക് നനയുകയോ മലിനമാവുകയോ ചെയ്താല്‍ ഉടനടി മാറ്റി പുതിയത് ധരിക്കണം.ഉപയോഗിച്ച മാസ്ക് കഷണങ്ങളായി മുറിച്ച് 72 മണിക്കൂറെങ്കിലും പേപ്പര്‍ ബാഗില്‍ സൂക്ഷിച്ച ശേഷം നിര്‍മാര്‍ജനം ചെയ്യുക. മുഖം മൂക്ക് വായ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം.
പരിപാലകര്‍ കൈകളുടെ ശുചിത്വം എങ്ങനെ പാലിക്കാം
രോഗിയുമായോ രോഗിയുമായുള്ള സാഹചര്യങ്ങളുമായോ ഇടപെടേണ്ടി വന്നാല്‍ കൈകളുടെ ശുചിത്വം പരിപാലകര്‍ ഉറപ്പുവരുത്തണം. 40 സെക്കന്‍ഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ വേണം. വെള്ളം ഉപയോഗിച്ച് കൈകഴുകിയതിന് ശേഷം ഒറ്റത്തവണ ഉപയോഗിച്ച് കളയാവുന്ന പേപ്പര്‍ ടവലുകളോ വൃത്തിയുള്ള തുണികൊണ്ടുള്ള ടവലുകളോ ഉപയോഗിച്ച് കൈ തുടക്കുകയും നനഞ്ഞ ടവലുകള്‍ മാറ്റുകയും ചെയ്യണം. ഗ്ലൗസ് ധിക്കുന്നതിന് മുമ്പും ശേഷവും കൈ കഴുകണം.
രോഗിയുമായോ, രോഗിയുള്ള സാഹചര്യങ്ങളുമായോ സമ്പര്‍ക്കമുണ്ടായാല്‍ പരിപാലകര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍
രോഗിയുടെ ശരീര സ്രവങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഗ്ലൗസ് ധരിക്കുക. രോഗി ഉപയോഗിച്ച പാത്രങ്ങള്‍, പാനീയങ്ങള്‍ ടവലുകള്‍, ബെഡ്ഷീറ്റ് എന്നിവയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. രോഗിക്കുള്ള ഭക്ഷണം മുറിയില്‍ എത്തിക്കുക. രോഗി ഉപയോഗിച്ച പാത്രങ്ങള്‍ ഗ്ലൗസ് ധരിച്ച് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. കൈകള്‍ ഇടക്കിടെ വൃത്തിയായി കഴുകുക.
രോഗികള്‍ ഉപയോഗിച്ച വെളളക്കുപ്പികള്‍, ബാക്കി വന്ന ഭക്ഷണം മുതലായവ സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യണം. ഒരു ബാഗില്‍ ശേഖരിച്ച് നന്നായി കെട്ടിയതിനുശേഷം മാലിന്യങ്ങള്‍ എടുക്കാന്‍ വരുന്നവര്‍ക്ക് നല്‍കുക.രോഗി ഉപയോഗിച്ച മാസ്ക്, ഗ്ലൗസ്, രക്തമോ മറ്റു ശരീര സ്രവങ്ങളോ പറ്റിയ ടിഷ്യൂ എന്നിവ ബയോമെഡിക്കല്‍ മാലിന്യങ്ങളായി കൈകാര്യം ചെയ്യണം.ഇത്തരം മാലിന്യങ്ങള്‍ പ്രത്യേകം ഒരു മഞ്ഞ ബാഗില്‍ ശേഖരിച്ച് മാലിന്യങ്ങള്‍ എടുക്കാന്‍ വരുവര്ക്ക് നല്‍കുക, അല്ലെങ്കില്‍ നായ, എലി മുതലായവക്ക് പ്രാപ്യമല്ലാത്ത വിധത്തില്‍ ആഴത്തിലുളള കുഴിയെടുത്ത് അതിലിട്ട് മൂടുക.