നാലു ജില്ലകളിൽ ലോക്ഡൗൺ സാദ്ധ്യത? സാഹചര്യം അനുസരിച്ച് കലക്ടർമാർക്ക് തീരുമാനിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് തീവ്രവ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍. ഗുരുതരമായ കോവിഡ് ബാധയുണ്ടെങ്കിലും സമ്പൂർണ ലോക്ക് ഡൗണിലേക്ക് കേരളം മാറില്ല. എന്നാൽ, അതതു ജില്ലകളിലെ സാഹചര്യം അനുസരിച്ച് കലക്ടർമാർക്ക് തീരുമാനിക്കാം. രോഗം പടരുന്ന ജില്ലകൾ അടച്ചിടാൻ ആലോചനയുണ്ട്.
ഇവിടെങ്ങളിലെ മാളുകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തിയറ്ററുകൾ , ബിവറേജസ് ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ വരും. രോഗം വലിയ തോതിൽ പടരാത്ത ജില്ലകളിലെ തിയറ്ററുകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ ഇടങ്ങളിൽ എ.സി പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ല. ഇന്ന് വൈകിട്ട് ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. തുടക്കത്തിൽ കോവിഡ് നിരക്കില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തിയ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലായിരിക്കും കടുത്ത നിയന്ത്രണം വരും.
ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ പേർക്ക് ഒമിക്രോൺ ബാധിക്കുകയും പുതിയ വകഭേദങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്താൽ മാർച്ച് 11 ആകുമ്പോൾ കോവിഡ് നിയന്ത്രണവിധേയമാകുമെന്നാണ് വിദഗ്ധന്മാര് പറയുന്നത്. സംസ്ഥാനത്ത് ഇന്നലെ 34,199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 49 പേര് മരിച്ചു. ഇന്നലെ 91,983 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 37.17 ആണു ടി.പി.ആര്. അപ്പീല്‍ നല്കിയ 85 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണം 51,160 ആയി.