ഡല്‍ഹി കലാപം: പ്രതി ദിനേഷ് യാദവിന് അഞ്ച് വര്‍ഷം തടവുശിക്ഷ
ന്യുഡല്‍ഹി: 2020 ഫെബ്രുവരി 25ന് ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ആദ്യ ശിക്ഷാവിധി. കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ദിനേഷ് യാദവിനാണ് കര്‍കര്‍ദൂമ കോടതി അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചു.
നിയമവിരുദ്ധമായി സംഘം ചേരുകയും കലാപമുണ്ടാക്കുകയും ചെയ്തു, 73 വയസ്സുള്ള സ്ത്രീയുടെ വീട് കൊള്ളയടിക്കുകയും കത്തിക്കുന്നതിനും കൂട്ടുചേര്‍ന്നു എന്നീ കുറ്റങ്ങളാണ് ദിനേഷ് യാദവിനെതിരെ ചുമത്തിയിരുന്നത്. കഴിഞ്ഞ മാസമാണ് കോടതി ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പരമാവധി 10 വര്‍ഷം വരെ ശിക്ഷ ലഭിക്കുന്നതാണ് ഇയാള്‍ക്കെതിരായ കുറ്റങ്ങള്‍.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍പുരിയില്‍ ഭഗിരതിയിലുള്ള മനോരി എന്ന വൃദ്ധയുടെ വീടാണ് വിനേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചതും തീയിട്ടതും. അക്രമി സംഘത്തിലെ പ്രധാനിയായിരുന്നു യാദവ് എന്ന് പ്രോസിക്യുഷന് ചൂണ്ടിക്കാട്ടി.
200 ഓളം വരുന്ന സംഘം തന്റെ വീട് ആക്രമിച്ചുകടന്ന് വിലപ്പെട്ടതെല്ലാം കവര്‍ന്നെടുത്തുവെന്ന് മനോരി പരാതിപ്പെട്ടിരുന്നു. ജീവന് രക്ഷിക്കാന്‍ തനിക്ക് വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും ചാടേണ്ടിവന്നു. അയല്‍വാസിയായ ഒരാളുടെ വീട്ടിലാണ് അഭയം തേടിയാണ്. അവിടെനിന്നാണ് പോലീസിനെ വിളിച്ചതെന്നും അവര്‍ പറഞ്ഞു.