കെ റെയിൽ : റെയിൽ പാത തൂണുകളിൽ നിർമിച്ച് ദുരിതം ഒഴിവാക്കണമെന്ന നിർദേശവുമായി എൻ. എസ്. എസ് കരിപ്പോടി കരയോഗം
പാലക്കുന്ന് : കോട്ടിക്കുളം വില്ലേജിൽ കരിപ്പോടി, തിരുവക്കോളി, പട്ടത്താനം പ്രദേശങ്ങളിലെ ജനവസ മേഖലയിൽ നൂറോളം വീടുകൾ സിൽവർ ലൈൻ ഭീഷണിയിലെന്ന് എൻ.എസ്. എസ്. കരിപ്പോടി കരയോഗം. ലക്ഷങ്ങൾ ചെലവിട്ട് പണിത വീടുകളിൽ താമസിച്ച് കൊതി തീരാത്തവരും , ഒരുക്കങ്ങൾ പൂർത്തിയായി ഗൃഹപ്രവേശത്തിനായുള്ള തയ്യാറെടുപ്പിലുള്ളവരും ഇവിടെയുണ്ട്. ആരാധനാലങ്ങൾ, തറവാടുകൾ, മത്സ്യതൊഴിലാളികളുടെ ഓഖി കോളനി, അംഗൻ വാടി, രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയുടെ ജല സംഭരണി തുടങ്ങി നിരവധി കെട്ടിടങ്ങൾ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നതിനാൽ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. ജനവാസ മേഖല ഒഴിവാക്കി അലൈൻമെന്റിൽ മാറ്റം വരുത്താനും അല്ലാത്തപക്ഷം
റെയിൽപാത തൂണുകളിൽ ഉയർത്തി നിർമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി. സുകുമാരൻ നായർ അധ്യക്ഷനായി.
സെക്രട്ടറി എ. രാഘവൻ നായർ, ട്രഷറർ എം. ഗംഗധരൻ നായർ, എം. വേണുഗോപാലൻ നായർ, ഗോപിനാഥ് താഴത്ത്, പി. കുഞ്ഞമ്പു നായർ എന്നിവർ പ്രസംഗിച്ചു.