മാതാപിതാക്കൾ മാത്രമുള്ള വീട്ടിലേക്ക് കള്ളനെത്തി, ദൃശ്യങ്ങൾ മുപ്പത് കിലോമീറ്റർ അകലെയിരുന്ന് ഫോണിൽ കണ്ടു; മോഷ്ടാവിനെ കുടുക്കി മകൾ
കോട്ടയം: മാതാപിതാക്കൾ മാത്രമുള്ള വീട്ടിൽ കയറിയ കള്ളനെ സിസിടിവിയുടെ സഹായത്തോടെ കുടുക്കി മകൾ. സിസിടിവി ദൃശ്യങ്ങൾ മുപ്പത് കിലോമീറ്റർ അകലെയിരുന്ന് ഫോണിൽ കണ്ടയുടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കോട്ടയം കീഴൂരിലാണ് സംഭവം. പാലായിലിരുന്നാണ് സോണിയ മാത്യു എന്ന യുവതി സിസിടിവി ദൃശ്യങ്ങൾ കണ്ടത്.തലയോലപ്പറമ്പ് എസ്ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് ഒന്നരക്കിലോമീറ്ററോളം ഓടിച്ചിട്ടാണ് മോഷ്ടാവായ ബോബിൻസ് ജോണിനെ പിടികൂടിയത്. വിമുക്തഭടനായ കീഴൂർ മേച്ചേരിൽ എം.എം. മാത്യുവിന്റെ വീട്ടിൽ നൈറ്റി ധരിച്ചാണ് മോഷ്ടാവ് എത്തിയത്.കവർച്ച നടത്താൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സോണിയ കാണുകയായിരുന്നു. ഉടൻ തന്നെ അയൽവാസിയെ വിളിച്ചു. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വാതിൽ പൊളിക്കാനും പൂട്ടുതുറക്കാനും ഉപയോഗിക്കുന്ന സ്റ്റീൽ കൊണ്ടുള്ള ആയുധവും പൊലീസ് കണ്ടെടുത്തു.വെള്ളൂർ സ്റ്റേഷൻ പരിധിയിലായിരുന്നു വീടെന്നത് കണക്കാക്കാതെ വിവരമറിഞ്ഞയുടൻ എസ് ഐ ജയ്മോനും സീനിയർ സിപിഒ രാജീവും സ്ഥലത്തേക്ക് പുറപ്പെട്ടു. വെള്ളൂർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. പൊലീസിനെ കണ്ട് ബോബിൻസ് രണ്ടാം നിലയിൽ നിന്നു മുറ്റത്തേക്ക് ചാടി. ഇയാളെ പിന്തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു.