ഇന്ത്യയിൽ മൂന്നാം തരംഗം അതിരൂക്ഷം; എട്ട് മാസത്തിനിടെ ആദ്യമായി മൂന്ന് ലക്ഷം പിന്നിട്ട് കൊവിഡ് കേസുകൾ, ഒമിക്രോൺ രോഗികൾ 9,287
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് കേസുകൾ അതിവേഗം വർദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,17,532 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. എട്ട് മാസത്തിനിടെ രാജ്യത്ത് ആദ്യമായി മൂന്ന് ലക്ഷത്തിനുമേൽ കേസുകൾ ഉയർന്നിരിക്കുന്നുവെന്നതും രോഗത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത് ഇന്ത്യയിലാണ്.കൊവിഡ് രൂക്ഷമാകുന്നതിനോടൊപ്പം ഒമിക്രോൺ വ്യാപനവും പ്രതിസന്ധി സൃഷ്ടിക്കുന്നു. 9,287 ഒമിക്രോൺ കേസുകളാണ് ഇതുവരെ രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 3.63 ശതമാനമാണ് വർദ്ധനവ്. 19,24,051 കൊവിഡ് രോഗികളാണ് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,23,990 പേർ രോഗമുക്തി നേടി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനമാണ്. 16.06 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പരിശോധിച്ചത് 19,35,180 സാമ്പിളുകളാണ്.ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ചു കഴിഞ്ഞു. 1738 ഒമിക്രോൺ രോഗികളും 43,697 പുതിയ കൊവിഡ് രോഗികളുമായി മഹാരാഷ്ട്രയാണ് മുന്നിൽ. 49 പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. 1672 ഒമിക്രോൺ കേസുകളുമായി പശ്ചിമ ബംഗാൾ തൊട്ടുപിന്നിലുണ്ട്.രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,785 പുതിയ കൊവിഡ് കേസുകളും 35 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 75,282 കൊവിഡ് രോഗികളാണ് ഡൽഹിയിലുള്ളത്. ഇതിൽ 58,501 പേർ വീടുകളിൽ നിരീക്ഷണത്തിലും 2,624 പേർ ആശുപത്രികളിൽ ചികിത്സയിലുമാണ്. 491 കൊവിഡ് മരണങ്ങളും രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു.കേരളത്തിൽ 28,481 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 5,430,258 ആയി. 591 ഒമിക്രോൺ കേസുകളും സ്ഥിരീകരിച്ചു.അതേസമയം, രാജ്യത്തെ കൊവിഡ് വാക്സിനേഷൻ നിരക്ക് 159.67 കോടി പിന്നിട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 70 ശതമാനം പേരാണ് പൂർണമായും വാക്സിൻ സ്വീകരിച്ചത്. വാക്സിൻ സ്വീകരിക്കുന്നതാണ് കൊവിഡിനെ നേരിടാനുള്ള ഏറ്റവും മികച്ച മാർഗമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.