സംസ്ഥാനത്ത് അടച്ചുപൂട്ടൽ ഇല്ല, ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ടുപോകാൻ ശ്രമിക്കും; എല്ലാം സജ്ജമെന്ന് മന്ത്രി കെ രാജൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണെങ്കിലും അടച്ചുപൂട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ടുപോകാൻ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.കൊവിഡ് പ്രതിരോധത്തിനായി സർക്കാർ സംവിധാനങ്ങൾ സജ്ജമാണെന്ന് മന്ത്രി അറിയിച്ചു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ചേരുന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ 34,199 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 49 പേർ മരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 37 കടന്നു. നിലവിൽ 1,68,383 പേരാണ് ചികിത്സയിലുള്ളത്.സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും കൂടുന്നത് അതിവേഗ വ്യാപന ശേഷിയുള്ള ഒമിക്രോണിന്റെ സാന്നിദ്ധ്യം കൊണ്ടാണെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒരാഴ്ചക്കുള്ളിൽ രോഗബാധയുണ്ടായവരിൽ 60ശതമാനവും രണ്ടു ഡോസ് വാക്സിൻ എടുത്തവരാണ്.