മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരൻ മുഖത്തടിച്ചു; പരാതിയുമായി യുവതി രംഗത്ത്
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിലെ സുരക്ഷാജീവനക്കാരൻ യുവതിയുടെ മുഖത്തടിച്ചു. ഇന്ന് രാവിലെ ആശുപത്രിയിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം നടന്നത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശി സക്കീനയ്ക്കാണ് മർദ്ദനമേറ്റത്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിനകത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദത്തിൽ കലാശിച്ചത്.മുഖത്തടിച്ച ശേഷം കൈ മടക്കി മുഖത്ത് രണ്ട് തവണ കുത്തിയെന്നും സക്കീന പറയുന്നു. മകന്റെ കുട്ടിയെയും അമ്മയെയും ഡോക്ടറെ കാണിക്കാനാണ് സക്കീന എത്തിയത്. അമ്മയെ സൂപ്പർ സ്പെഷ്യലാറ്റിയിൽ കാണിച്ച ശേഷം കുട്ടിയെ കാണിക്കാനായി മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെത്തിയപ്പോഴാണ് കൂടുതൽ പേരെ അകത്തു പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞ് സെക്യൂരിറ്റി ജീവനക്കാരൻ തർക്കിച്ചത്.പിന്നാലെ സക്കീനയെ പിടിച്ച് തള്ളുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ മൊബൈലിൽ പകർത്താനായി ശ്രമിച്ചപ്പോഴാണ് മുഖത്തടിച്ചതെന്നും മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ വനിതാ സുരക്ഷാജീവനക്കാരാരും ഇല്ലായിരുന്നുവെന്നും സക്കീന പറയുന്നു. മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.