14കാരിയെ ആൺവേഷത്തിലെത്തി കടത്തിയത് തിരുവനന്തപുരം സ്വദേശി സന്ധ്യ, വിവാഹിതയായ ഇവരുടെ പേരിലുള്ളത് രണ്ട് പോക്സോ കേസുകൾ
മാവേലിക്കര : ആൺവേഷം ധരിച്ചെത്തി, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റിലായി. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യയെയാണ് (27) പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. മാവേലിക്കര സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിയെ സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട സന്ധ്യ ഒരാഴ്ച മുമ്പാണ് വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോയത്. ഇന്നലെയാണ് തൃശൂരിൽ നിന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു.14 വയസുള്ള പെൺകുട്ടികളെ ഉപദ്രവിച്ചതിന് 2016ൽ സന്ധ്യക്കെതിരെ കാട്ടാക്കട സ്റ്റേഷനിൽ 2 പോക്സോ കേസുകൾ ചാർജ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ.ആർ.ജോസ്, കുറത്തികാട് സി.ഐ എസ്.നിസാം, എസ്.ഐ ബൈജു, സീനിയർ സിവിൽ പൊലീസ് ഓഫീസർ നൗഷാദ്, സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണിക്കൃഷ്ണൻ, അരുൺ ഭാസ്കർ, ഷെഫീഖ്, വനിത സിവിൽ പൊലീസ് ഓഫീസർമാരായ സ്വർണരേഖ, രമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.