ശ്രീരംഗപട്ടണം ജുമാമസ്ജിദ് പൊളിക്കാൻ ഫേസ്ബുകിലൂടെ ആഹ്വാനം ചെയ്ത ഋഷി കുമാര സ്വാമി അറസ്റ്റിൽ;
മംഗ്ളുറു: മാണ്ട്യ ജില്ലയിൽ ശ്രീരംഗപട്ടണം ടൗണിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ജുമാമസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയണം എന്ന് ഫേസ്ബുകിലൂടെ ആഹ്വാനം ചെയ്ത സ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. അറസികെരെ കലിക മഠം സ്വാമി ഋഷി കുമാര സ്വാമിയാണ് അറസ്റ്റിലായത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ജാമ്യഹർജി ഉച്ച കഴിഞ്ഞ് കോടതി പരിഗണിക്കും. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സ്ഥാപനമാണ് മസ്ജിദ്. സ്വാമി തന്റെ ഫേസ്ബുകിൽ വിവാദ ആഹ്വാനം നടത്തിയത് ശ്രദ്ധയിൽ പെട്ട ആർകിയോളജികൽ സർവേ ഓഫ് ഇൻഡ്യ സെക്യൂരിറ്റി സൂപെർ വൈസർ യതിരാജുവാണ് പൊലീസിൽ പരാതി നൽകിയത്.
പുരാവസ്തു രേഖകൾ പ്രകാരം 1786 കാലഘട്ടത്തിൽ ടിപ്പുസുൽത്താൻ പണികഴിപ്പിച്ചതാണ് മസ്ജിദ്. എന്നാൽ കഴിഞ്ഞ ഞായറാഴ്ച ഉച്ച ഒന്നരയോടെ മസ്ജിദിന്റെ പശ്ചാത്തലത്തിൽ സ്വാമി ചെയ്ത വീഡിയോ ഫേസ്ബുകിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഹനുമാൻ ക്ഷേത്രത്തിന് മുകളിലാണ് പള്ളി പണിതതെന്ന് ഋഷികുമാര സ്വാമി അവകാശപ്പെട്ടു. തൂണുകളും ചുമരുകളും അംഗശുദ്ധി വരുത്താനുള്ള നീർത്തടവും ക്ഷേത്രത്തിന്റേതാണെന്ന് ആർക്കും ബോധ്യമാകും. അയോധ്യയിൽ ബാബ് രി മസ്ജിദ് എന്ന പോലെ ഇതും പൊളിച്ച് ക്ഷേത്രം പണിയാൻ ഒട്ടും അമാന്തം അരുത് – പോസ്റ്റിൽ പറഞ്ഞു.
മതസ്പർധ ഉണർത്താനും ചരിത്രത്തിൽ ദുഷ്ടത കലർത്താനും ശ്രമം നടത്തി തുടങ്ങിയ കുറ്റം ആരോപിക്കുന്ന വകുപ്പുകൾ ചുമത്തിയാണ് ചികമംഗ്ളൂറുൽ അറസ്റ്റിലായ സ്വാമിക്കെതിരെ കേസെടുത്തത്. ജാമ്യം അനുവദിക്കരുതെന്ന് സർകാർ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. അയാൾ പുറത്തു കഴിയുന്നത് സാമുദായിക സൗഹാർദത്തിന് ഭീഷണിയാവുമെന്നും അഭിഭാഷകൻ പറഞ്ഞു.