കണ്ടക്ടർ സിയാദ് ഇനി കെ.എസ്.ആർ.ടി.സി ബസും ഓടിക്കും
സംസ്ഥാനത്തെ ആദ്യത്തെ കണ്ടക്ടർ കം ഡ്രൈവർ എന്ന ബഹുമതി എച്ച്. സിയാദിന്
റാന്നി: ബത്തേരി ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ എച്ച്. സിയാദ് ഇനി ഡ്രൈവറുമാകും. സംസ്ഥാനത്തെ ആദ്യത്തെ കണ്ടക്ടർ കം ഡ്രൈവർ എന്ന ബഹുമതി പത്തനംതിട്ട സ്വദേശിയായ സിയാദിന് സ്വന്തം. ബത്തേരി-പാലാ-പത്തനംതിട്ട സൂപ്പർഫാസ്റ്റിൽ കണ്ടക്ടർക്ക് പുറമേ ഡ്രൈവർ ജോലി കൂടി ഇദ്ദേഹം നിർവഹിക്കും. ദീർഘദൂര സർവിസുകളിൽ മൂന്ന് വർഷത്തിലധികമായി ഡ്രൈവർ കം കണ്ടക്ടർമാരാണ് ജോലിനോക്കിയിരുന്നത്. ഡ്രൈവിങ് ലൈസൻസുള്ള കണ്ടക്ടർമാർക്ക് തിരികെ ഡ്രൈവറായും ജോലി ചെയ്യാമെന്ന് അടുത്തിടെ കെ.എസ്.ആർ.ടി.സി എം.ഡി ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെ തുടർന്ന് ആദ്യം അപേക്ഷ നൽകിയത് സിയാദ് ആയിരുന്നു.
12 വർഷമായി കെ.എസ്.ആർ.ടി.സിയിൽ ജോലിചെയ്യുന്നു. കെ .എസ്.ആർ.ടി.സിയിൽ ധാരാളം കണ്ടക്ടർമാർ ഹെവി ലൈസെൻസ് ഉള്ളവരുണ്ട്. ജീവനക്കരോട് അനുഭാവപൂർണമായ സമീപനം മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും എന്ന പ്രതീക്ഷയിൽ ഹെവി ലൈസൻസ് ഉള്ള കൂടുതൽ കണ്ടക്ടർമാർ കണ്ടക്ടർ കം ഡ്രൈവർ എന്ന തസ്തികയിലേക്ക് കടന്നുവരാൻ പ്രചോദനം ആകുന്നതിന് തന്റെ ശ്രമം കാരണമാകുമെങ്കിൽ സംതൃപ്തനാണെന്ന് സിയാദ് മാധ്യമത്തോട് പറഞ്ഞു10 വർഷമായി കോഴിക്കോട് ബംഗളൂരു റൂട്ടിൽ കണ്ടക്ടർ ആയിരുന്നു.
ഡ്രൈവർമാരുടെ ദീർഘ സമയത്തെ ഡ്രൈവിങ്ങിലെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണ് ലൈസൻസ് എടുത്തതും അപേക്ഷ സമർപ്പിച്ചതും. ബയോമെഡിക്കൽ എൻജിനീറിങ് ബിരുദധാരിയാണ്. ഭാര്യ ഫസീല പഞ്ചായത്ത് വകുപ്പിൽ സീനിയർ ക്ലർക്കാണ്. മക്കൾ: അബ്ദുല്ല മുസാഹിം, ആഷിയാന, അമീറ മെഹ്രി.