നടിയെ ആക്രമിച്ച കേസ്; ശരത്ത് ഒളിവിൽ തന്നെ, തുടരന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കേണ്ടത് നാളെ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം കോടതിയിൽ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കേണ്ടത് നാളെ. സുപ്രീം കോടതി നിർദേശമനുസരിച്ച് ഫെബ്രുവരി 16ന് വിചാരണ അവസാനിപ്പിച്ച് വിധി പറയണം.കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. അതിനാൽത്തന്നെ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സംഘം കൂടുതൽ സമയം ചോദിച്ചേക്കും.കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ച് ഹർജി നാളെയാണ് കോടതി പരിഗണിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ ‘വിഐപി’ ദിലീപിന്റെ സുഹൃത്ത് ശരത്താണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഒളിവിൽ പോയ ഇയാളെ കണ്ടെത്താനായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം.