സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; 100 പേരെ പരിശോധിച്ചാൽ 75 പേർ പോസിറ്റീവാകും, പ്രതിദിന കേസുകൾ അൻപതിനായിരം കടന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. ഇന്നലെ 28,481 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 പിന്നിട്ടു. മൂന്നാഴ്ചയ്ക്കുള്ളിൽ പ്രതിദിന കേസുകൾ അൻപതിനായിരം കടക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.ജനുവരി 27ഓടെ പ്രതിദിന കേസുകൾ മുപ്പത്തേഴായിരം കടക്കുമെന്നാണ് ദുരന്തനിവാരണ വകുപ്പ് നൽകിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫെബ്രുവരി രണ്ടാംവാരത്തോടെ കണക്കുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തും. 100 പേരെ പരിശോധിച്ചാല്‍ 75 പേര് വരെ പോസിറ്റീവായേക്കാമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ നിഗമനം.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗം ബാധിച്ചവരിൽ 58 ശതമാനവും സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കിയവരാണ്. സംസ്ഥാനത്ത് പടരുന്നത് ഒമിക്രോണാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. തിരുവനന്തപുരത്തും എറണാകുളത്തുമാണ് സ്ഥിതി ഏറ്റവും ഗുരുതരം. ഇരുജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 കടന്നു.
സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെക്കുറിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പങ്കെടുക്കും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ നാളെ ചേരുന്ന അവലോകന യോഗത്തിലായിരിക്കും തീരുമാനമെടുക്കുക.