കോൺഗ്രസ് ന്യൂനപക്ഷ നേതാക്കളെ ഒതുക്കിയെന്ന് കോടിയേരി; ഇതാണോ രാഹുൽ ഗാന്ധിയുടെ നയം?
കണ്ണൂർ: ഇന്ത്യ ഭരിക്കേണ്ടത് ഹിന്ദുക്കളാണെന്നുള്ള രാഹുൽ ഗാന്ധിയുടെ പരാമർശം ഏറ്റവും വലിയ വർഗീയതയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷ സാന്നിധ്യമില്ലാത്തത് രാഹുൽ ഗാന്ധിയുടെ നയമാണോ എന്നും കോടിയേരി ചോദിച്ചു.രാഹുൽ ഗാന്ധി പറഞ്ഞതിനെ ശക്തമായി എതിർക്കാൻ എന്തുകൊണ്ടാണ് കോൺഗ്രസിന് സാധിക്കാത്തത്. രാഹുലിന്റെ നിലപാട് ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിന്റെ നിലപാടിന് അനുകൂലമാണെന്നും രാഹുലിന്റെ പ്രസംഗത്തെ തള്ളിപ്പറയാൻ കോൺഗ്രസ് നേതാക്കൾ തയ്യാറാണോ എന്ന് വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു. കോൺഗ്രസിന് മതേതര മുഖം നഷ്ടമായെന്നും ദേശീയ തലത്തിൽ തന്നെ പാർട്ടി ന്യൂനപക്ഷ നേതാക്കളെ തഴഞ്ഞുവെന്നും കോടിയേരി ആരോപിച്ചു. നേതാക്കളായി ആര് വരണമെന്നത് കോൺഗ്രസുകാർ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളത്തിലെ കോൺഗ്രസിന് എല്ലാക്കാലത്തും മതേതരത്വം സ്ഥാപിക്കാൻ വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട നേതൃത്വനിരയുണ്ടായിരുന്നു. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ എൽ ജേക്കബിനെ കെ പി സി സി പ്രസിഡന്റാക്കിയിരുന്നു. എ കെ ആന്റണിയുടെ കാലത്ത് കെ മുരളീധരനായിരുന്നു കെ പി സി സി പ്രസിഡന്റ്. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കെ പി സി സി അദ്ധ്യക്ഷൻ. മതേതരത്വം കാത്തുസൂക്ഷിക്കാനാണ് ഇത്തരത്തിൽ പ്രാതിനിധ്യം കൊടുക്കുന്നതെന്നാണ് കോൺഗ്രസ് അവകാശപ്പെട്ടിരുന്നത്. ഈ കീഴ്വഴക്കം ഇപ്പോൾ എന്തുകൊണ്ട് ലംഘിച്ചു? ഇതിന് കാരണം ദേശീയ രാഷ്ട്രീയത്തിലെ കോൺഗ്രസിന്റെ നിലപാടാണ്. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഇന്ത്യ ഹിന്ദുക്കളാണ് ഭരിക്കേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞത് പരസ്യമായാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട നേതാക്കളെയെല്ലാം അവഗണിച്ച് ഒതുക്കിവച്ചിരിക്കുന്നുവെന്നും കോടിയേരി ആരോപിച്ചു.ഗുലാം നബി ആസാദും സൽമാൻ ഖുർഷിദും കെ വി തോമസുമെല്ലാം എവിടെ? ഇവരെയെല്ലാം ഒതുക്കിവച്ചത് ഇപ്പോൾ കോൺഗ്രസ് സ്വീകരിച്ചുവരുന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ്. ഇക്കാര്യങ്ങൾ ചർച്ചചെയ്യേണ്ടത് കോൺഗ്രസുകാർ തന്നെയാണെന്നും കോടിയേരി പറഞ്ഞു. എന്നാൽ ഇടതുപക്ഷ പാർട്ടികൾ ഇത്തരത്തിൽ അവകാശപ്പെട്ടിട്ടില്ലെന്ന് സി പി എം നേതൃത്വത്തിൽ ന്യൂനപക്ഷ നേതാക്കളില്ലല്ലോ എന്ന ചോദ്യത്തിനുത്തരമായി കോടിയേരി പറഞ്ഞു. ഏത് വിഭാഗത്തിൽപ്പെട്ട നേതാക്കളായാലും മതനിരപേക്ഷ നിലപാടുള്ളവരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.