വണ്ടുകൾ പെറ്റു പെരുകി; റോഡും വീടും ഓടയും വരെ കൈയടക്കി; ലൈറ്റുകൾ അണച്ച് ഒരു നഗരം,
ഒരു നാട് മുഴുവൻ വണ്ടിനെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വീടും റോഡും ഓഫീസുകളും സകലവിധ കെട്ടിടങ്ങളുമെല്ലാം വണ്ടുകൾ കൈയേറി കഴിഞ്ഞു. അർജന്റീനിയയിലെ സാന്റ ഇസബെൽ എന്ന നഗരത്തിലാണ് ഈ ദുരവസ്ഥ. വണ്ടുകളുടെ ശല്യം കാരണം പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് ഈ നാട്ടിലെ ജനങ്ങൾ.വണ്ടുകളുടെ ശല്യം രൂക്ഷമാണെങ്കിലും അതിനൊരു പ്രതിവിധി കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് ഭരണാധികാരികൾ. കാരണം പ്രദേശത്തെ പൊലീസ് സ്റ്റേഷനടക്കം വണ്ടുകളുടെ പിടിയിലാണ്. ഓടകളിലും അവ സ്ഥാനം കണ്ടെത്തി കഴിഞ്ഞതോടെ ഡ്രെയിനേജ് സംവിധാനവും തകരാറിലായി
വീടുനുള്ളിൽ കയറിക്കൂടുന്ന വണ്ടുകളെ വലിയ പെട്ടികളിലാക്കി തീയിട്ട് നശിപ്പിക്കുകയും ദൂരയിടങ്ങളിൽ കൊണ്ടു പോയി കളയുകയുമൊക്കെയാണ് ഇവർ ചെയ്യുന്നത്. എന്നിട്ടും ഇവയുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. വെളിച്ചം കണ്ടാണ് കൂടുതൽ വണ്ടുകളും എത്തുന്നതെന്നായതോടെ പൊതുയിടങ്ങളിൽ ഉൾപ്പെടെ ലൈറ്റ് ഓഫ് ചെയ്ത അവസ്ഥയാണ്.അക്ഷരാർത്ഥത്തിൽ ഒരു പ്രദേശമാകെ ഇരുട്ടിലാണെന്നും പറയാം. കുട്ടികളും കിടപ്പിലായ രോഗികളുമാണ് വണ്ടുകളുടെ ശല്യത്തിൽ ഏറെ ബുദ്ധിമുട്ടുന്നത്. ചെവിയിലും മൂക്കിലുമെല്ലാം വണ്ട് കയറിപ്പോകുന്ന അവസ്ഥയാണ്. കിടക്കകളിലും വാർഡ്രോബിലും ഫാനിലും വരെ അവ സ്ഥാനം കണ്ടെത്തി കഴിഞ്ഞു.
2022ഭക്ഷണ സാധനങ്ങളെല്ലാം നശിപ്പിച്ച് തുടങ്ങിയതോടെ അടുക്കളയിൽ പാചകം ചെയ്യാനും കഴിയാത്ത അവസ്ഥയാണ്. ലോക്ക് ചെയ്തിരിക്കുന്ന കാറുകൾക്ക് അകത്ത് വരെ ഇവ പ്രവേശിക്കുകയും കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.അർജന്റീനയിലെ കാലാവസ്ഥ മാറ്റമാണ് പ്രധാന കാരണമെന്നാണ് വിലയിരുത്തുന്നത്. വൈകി വന്ന മഴയും കടുത്ത ഉഷ്ണവുമെല്ലാം ഇവയുടെ പ്രജനനത്തിന് അനുകൂല ഘടകമായിട്ടുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു.