കാസർകോട് , കോവിഡ് നിയന്ത്രണങ്ങൾ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കി കലക്ടറുടെ ഉത്തരവ്; ക്ലസ്റ്ററുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 15 ദിവസം അടച്ചിടണം
കാസർകോട് :കാസർകോട് ജില്ലയിൽ എല്ലാ തരത്തിലുള്ള സാമൂഹിക ,രാഷ്ട്രീയ, സാംസ്ക്കാരിക, മത സാമൂദായിക പൊതു പരിപാടികളിലും വിവാഹ മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി അൻപത് (50) പേരായി പരിമിതപ്പെടുത്തി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവായി. ജില്ലയിൽ കോവിഡ് 19 ന്റെ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സർക്കാറിൽ നിന്ന് കർശന നിർദ്ദേശങ്ങളുടെ ഭാഗമായാണ് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ കൂടുതലുള്ള ജില്ലകളിൽ അധിക നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ ഉത്തരവായിട്ടുണ്ട് – ജനുവരി 15, 16, 17 തീയതികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി 23 ശതമാനമാണ്. അതിനാൽ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 26, 30, 34 പ്രകാരമാണ് ജില്ലാ കളക്ടർ നിയന്ത്രണമേർപ്പെടുത്തിയത്.
ക്ലസ്റ്ററുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 15 ദിവസം അടച്ചിടേണ്ടതാണ്.
ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ ബന്ധപ്പെട്ട വിദ്യാഭ്യാ സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ / ഹെഡ് മാസ്റ്റർ ആരോഗ്യ വകുപ്പിനെ ഉടൻ വിവരമറിയിക്കേണ്ടതാണ്. മാർക്കറ്റുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ ബീച്ചുകൾ തുടങ്ങി ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ നേരിട്ട് നടത്തുന്ന യോഗങ്ങൾക്കും പൊതുപരിപാടികൾക്കും ഉത്തരവ് കർശനമായി പാലിക്കേണ്ടതാണ്. നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് പോലീസ്, സെക്ടറൽ മജിസ്രേട്ടുമാർ , തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവർ ഉറപ്പു വരുത്തേണ്ടതാണ്.
സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിൽ എല്ലാ ചടങ്ങുകളും യോഗങ്ങളും പരിപാടികളും ഓൺലൈനിൽ മാത്രം നടത്തേണ്ടതാണ്