കൈവിട്ട് കൊവിഡ്, മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തനം ഭാഗികം, മറ്റന്നാളത്തെ അവലോകന യോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കിയേക്കും
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മറ്റന്നാൾ കൊവിഡ് അവലോകന യോഗം ചേരാൻ തീരുമാനം. മുഖ്യമന്ത്രി ഓൺലൈൻ വഴി പങ്കെടുക്കുന്ന യോഗത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ സാദ്ധ്യതയുണ്ട്.മന്ത്രിമാരുടെ ഓഫീസുകളിൽ ഉൾപ്പെടെ കൊവിഡ് വ്യാപനം ഉണ്ടായ സാഹചര്യത്തിൽ സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. കൂടാതെ സെക്രട്ടേറിയറ്റ് ലൈബ്രറിയുടെ പ്രവർത്തനവും നിർത്തിവച്ചിരിക്കുകായാണ്.വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെ പല നേതാക്കള്‍ക്കും കൊവിഡ് പോസിറ്റീവായിട്ടുണ്ട്. വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫീസിലും നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് വനം മന്ത്രിയുടെ ഓഫീസ് നേരത്തെ അടച്ചിരുന്നു. ദേവസ്വം മന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം വരെ പ്രവർത്തിച്ചിരുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 24 ഡോക്ടർമാർക്ക് കൊവിഡ് ബാധിച്ചുവെന്നും വിവരമുണ്ട്.ഈ സാഹചര്യത്തിൽ രാത്രികാല കർഫ്യൂ, വാരന്ത്യാ കർഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ സാദ്ധ്യതയുണ്ട്. നിലവിലുള്ള നിയന്ത്രണങ്ങൾ കൊണ്ട് കൊവിഡ് വ്യാപനം തടയാൻ കഴിയില്ലെന്ന അഭിപ്രായമാണ് ആരോഗ്യ വിദഗ്ദ്ധർ പങ്കുവയ്ക്കുന്നത്. എന്നാൽ പൂർണമായ അടച്ചിടലിന് സാദ്ധ്യതയില്ല.