ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ല; പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നീട്ടിയത്. വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ല. ദിലീപിന് പുറമേ സഹോദരൻ അനൂപ് (പി. ശിവകുമാർ), സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെയും ജാമ്യഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ വിചാരണ നടക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിന് ദൃക്സാക്ഷിയായ ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത ശബ്ദരേഖയും ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.ദിലീപിന്റെ സഹോദരീ ഭർത്താവിന്റെയും, സുഹൃത്ത് ശരത്തിന്റെയും വീടുകളിൽ ക്രൈംബ്രാഞ്ച് ഇന്നലെ രാത്രി റെയ്ഡ് നടത്തിയിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. കേസിലെ ആറാം പ്രതിയാണ് വിഐപി എന്ന് സംശയിക്കുന്ന ശരത്ത്.നടിയെ അക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആലുവ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് മൊഴിയെടുക്കുക. പ്രതി പൾസർ സുനിയെ ചോദ്യം ചെയ്യാനുള്ള അനുമതി തേടി അന്വേഷണം സംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.