നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ആരുടെ കൈവശം? ഒരു അറസ്റ്റിന് കൂടി സാദ്ധ്യത
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒരു അറസ്റ്റിന് കൂടി സാദ്ധ്യത. സംവിധായകൻ ബാലചന്ദ്രകുമാറിന്റെയും, ദേ പുട്ട് ഹോട്ടലിന്റെ ഖത്തറിലെ ബിസിനസ് പങ്കാളി മെഹ്ബൂബ് പി അബ്ദുല്ലയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഒളിപ്പിച്ച വ്യക്തിയിലേക്കും അന്വേഷണം നീളുന്നത്.പ്രതികൾ പകർത്തിയ ദൃശ്യങ്ങളുടെ കോപ്പി കണ്ടെത്തിയെങ്കിലും ഇതിന്റെ അസ്സൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ദൃശ്യങ്ങൾ ഒളിപ്പിച്ചു തെളിവ് ഇല്ലാതാക്കാൻ ശ്രമിച്ച കുറ്റത്തിന് കേസെടുക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നത്.രാഷ്ട്രീയ ബന്ധമുള്ള വി ഐ പി ദിലീപിന് ദൃശ്യങ്ങൾ നൽകുന്നത് താൻ കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ഈ വിഐപിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ദിലീപിന്റെ സുഹൃത്തായ ശരത്താണ് വിഐപിയെന്ന് റിപ്പോർട്ടുകളുണ്ട്. ഇയാളുടെ വീട്ടിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.