സ്കൂളുകളിലെ കൊവിഡ് വാക്സിനേഷൻ മറ്റന്നാൾ മുതൽ, കുത്തിവയ്പ്പ് 967 കേന്ദ്രങ്ങളിലെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സ്കൂളുകളില്‍ കൊവിഡ് വാക്സിനേഷന് ക്രമീകരണം നടത്താൻ നിർദേശം നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 967 സ്കൂളുകളില്‍ വാക്സിനേഷന് സൗകര്യം ഏര്‍പ്പെടുത്തുമെന്നും ഇതിനായി പ്രത്യേക മുറികൾ ഉൾപ്പടെ സജ്ജീകരിക്കുമെന്നും സ്കൂൾ മാർഗരേഖ സംബന്ധിച്ച് ഉന്നതതല യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.’967 സ്കൂളുകളില്‍ വാക്സിനേഷന് സൗകര്യം ഏര്‍പ്പെടുത്തും. ഈ സ്കൂളുകളില്‍ നാളെ രാവിലെ പി.ടി.എ യോഗം ചേരും.500 കുട്ടികളില്‍ കൂടുതലുള്ള സ്കൂളുകളിലാണ് വാക്സിനേഷന് കേന്ദ്രം ഒരുക്കുക. മറ്റ് സ്കൂളുകളിലുള്ളവര്‍ക്ക് തൊട്ടടുത്ത വാക്സിനേഷന് കേന്ദ്രമുള്ള സ്കൂളിലെത്തി വാക്സിന് സ്വീകരിക്കാം. ഭിന്ന ശേഷിക്കാർക്ക് വാക്സിൻ വേണ്ടെങ്കിൽ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. അല്ലാത്ത കുട്ടികൾക്ക് രക്ഷിതാക്കളുടെ സമ്മതം വേണം.51 ശതമാനം കുട്ടികൾ ഇതിനകം വാക്സിനെടുത്തു കഴിഞ്ഞു – മന്ത്രി പറഞ്ഞു.’ഒന്നു മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഈ മാസം 21 മുതല്‍ ഓണ്‍ലൈന്‍ ക്ലാസ് ആയിരിക്കും. വിക്ടേഴ്സ് ചാനല്‍ വഴി പുതുക്കിയ ടൈംടേബിള്‍ പ്രഖ്യാപിക്കും. അതേസമയം അദ്ധ്യാപകര്‍ സ്കൂളുകളില്‍ എത്തുകയും ഓണ്‍ലൈന്‍ ക്ലാസുകൾക്ക് ആവശ്യമായ നേതൃത്വം വഹിക്കുകയും വേണം. 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്കൂളുകളില്‍ ക്ലാസുകള്‍ തുടരും. 22, 23 തീയതികളിൽ 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിൽ ശുചീകരണ യജ്ഞം നടത്തും. കൊവിഡ് കാലത്തെ ക്ലാസ് റൂം എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ സ്കൂള്‍ തുറക്കുമ്പോള്‍ നല്‍കിയിരുന്നു. ഇത് കർശനമായി നടപ്പാക്കമെന്നും വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു.മറ്റന്നാൾ മുതലാണ് സ്കൂളുകളിൽ വാക്സിനേഷൻ ആരംഭിക്കുക. കഴിഞ്ഞദിവസം നടന്ന ഉന്നത തല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ആരോഗ്യവകുപ്പിന് കീഴിലുള്ള ജില്ലാ ടാസ്ക് ഫോഴ്സ് വാക്സിനേഷൻ നടത്തേണ്ട സ്കൂളുകൾ കണ്ടെത്തുന്നത്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ വെയിറ്റിംഗ് ഏരിയ, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിവ ഉറപ്പാക്കണം. സ്കൂളുകളിലെ വാക്സിനേഷൻ സെന്ററുകൾ അടുത്തുള്ള സർക്കാർ കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. വാക്സിനേഷൻ മുറിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വിദ്യാർത്ഥികളുടെ താപനില പരിശോധിക്കും. വാക്സിൻ എടുത്ത കുട്ടികളെ മുപ്പതുമിനിട്ട് നിരീക്ഷണത്തിൽ ഇരുത്തും. എന്തെങ്കിലും പ്രശ്നമുള്ള കുട്ടികളെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഓക്സിജൻ സൗകര്യമുള്ള ആംബുലൻസുകളും ഉണ്ടാവും.