ഡ്രൈവർക്ക് അപസ്മാരം, യാത്രക്കാരി പത്ത് കിലോമീറ്ററോളം ബസ് ഓടിച്ചു
പൂനെ: യാത്രയ്ക്കിടെ ഡ്രൈവർക്ക് അപസ്മാരം ഉണ്ടായതിനെത്തുടർന്ന് പത്ത് കിലോമീറ്ററോളം ബസ് ഓടിച്ച് യാത്രക്കാരി. പൂനെയ്ക്ക് സമീപം ഷിരൂർ എന്ന സ്ഥലത്തേക്ക് വിനോദയാത്രയ്ക്ക് പുറപ്പെട്ടതായിരുന്നു സംഘം. ബസിൽ സ്ത്രീകളും കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്.തിരിച്ചുപോകുന്നതിനിടെ ഡ്രൈവർക്ക് അപസ്മാരത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായി. ഇതോടെ വണ്ടി നിർത്തി. ആർക്കും പരിചയമില്ലാത്ത സ്ഥലമായതിനാൽ യാത്രക്കാർ നിലവിളിച്ചു. ഇതോടെ ബസിൽ ഉണ്ടായിരുന്ന യോഗിത സാതവ് എന്ന യുവതി ബസ് ഓടിക്കാൻ തയ്യാറായി.യുവതി പത്ത് കിലോമീറ്ററോളം ദൂരം ബസ് ഓടിച്ച് യാത്രക്കാരെയെല്ലാം സുരക്ഷിതമായ സ്ഥലത്തെത്തിച്ചു. കൂടാതെ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കാർ ഓടിച്ച് തനിക്ക് പരിചയമുണ്ടായിരുന്നുവെന്നും, അതിനാലാണ് ബസ് ഓടിക്കാൻ തീരുമാനിച്ചതെന്നും യോഗിത പറഞ്ഞു.