ആലപ്പുഴ: കൊച്ചി പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി നിലപാടിനെതിരെ ആഞ്ഞടിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. മൂക്കിൽ വിരൽ വച്ചിട്ട് കാര്യം ഇല്ല, കേരളത്തിലാണ് ജീവിക്കുന്നത് എന്നോര്‍ക്കണമെന്നും ജി സുധാകരൻ കോടതി വിമര്‍ശനത്തോട് പ്രതികരിച്ചു.
കോടതികളിൽ കേസുകൾ കെട്ടി കിടപ്പുണ്ട് ,അത് ജഡ്ജിമാരുടെ കുറ്റമാണോ? സ്റ്റാഫും ജഡ്ജിമാരും കുറവുള്ളതാണ് പ്രശ്നം. സർക്കാർ വന്നശേഷം 700 കോടി രൂപയാണ് കോടതി കെട്ടിടങ്ങൾക്ക് നൽകിയതെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പറഞ്ഞു. ഹൈക്കോടതിക്ക് ഏഴ് നിലയുള്ള മന്ദിരം അടക്കം കോടതിയുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുഴി അടയ്ക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്. കുറ്റം ചെയ്തവര്‍ക്ക് എതിരെ തിരിയണം. അല്ലാതെ പൊതുവേ പറയരുത്. ആരിലും വിശ്വാസം ഇല്ലെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും ജി സുധാകരൻ പറഞ്ഞു. എറണാകുളം നഗരത്തിലെ കുഴി അടക്കാൻ മാത്രം കൊടുത്തത് ഏഴ് കോടി രൂപയാണ്. ഒക്ടോബറിൽ പണം കൈമാറിയതാണ്. മരണം സംഭവിച്ചതിൽ പൊതുമരാമത്ത് വകുപ്പിന് ഉത്തരവാദിത്തം ഉണ്ടെന്നും ജി സുധാകരൻ പറഞ്ഞു.