പ്രകൃതിയുള്ള കാലത്തോളം പി.ടി.യുടെ ഓർമ്മകൾ നിലനിൽക്കും: രാജ്മോഹൻ ഉണ്ണിത്താൻ
കാഞ്ഞങ്ങാട്: പ്രകൃതിയുള്ള കാലത്തോളം പി.ടി.യുടെ ഓർമ്മകൾ നിലനിൽക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. വോട്ടു രാഷ്ട്രീയത്തിൽ കണ്ണുവെക്കാതെ അപ്രിയ സത്യങ്ങൾ വിളിച്ചു പറഞ്ഞ മതേതരത്വത്തെ പൂർണ്ണ അർത്ഥത്തിൽ ഉൾകൊണ്ട അത്യപൂർവ്വ വ്യക്തിത്വമായിരുന്നു പി.ടി.തോമസെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. മാനവസംസ്കൃതി കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഓർമ്മകളിൽ പി.ടി’ എന്ന പരിപാടിയിൽ പി.ടി തോമസിനെ അനുസ്മരിച്ചു സംസാരിക്കുകയായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ. പി.ടി.യുടെ രാഷ്ട്രീയം മരണത്തോടെ അവസാനിക്കുകയല്ല ആരംഭിക്കുകയാണ് ചെയ്തതെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ എൻ.പി. ചെക്കുട്ടി അഭിപ്രായപ്പെട്ടു. അധികാരശ്രേണിക്കെതിരെ നിരന്തരം കലഹിച്ച പി.ടി.യുടെ നഷ്ടം നികത്താൻ കേരളത്തിന് സാധ്യമാവുമോ എന്ന് സംശയമാണെന്നും ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണക്കേണ്ട ഇടത് പക്ഷ പ്രസ്ഥാനങ്ങൾ പോലും ഭയന്ന് നിന്നപ്പോൾ ഉറച്ച തീരുമാനമെടുത്ത പി.ടി യായിരുന്നു ശരിയെന്ന് കാലം തെളിയിച്ചതായും അദ്ദേഹം തുടർന്ന് പറഞ്ഞു. മാനവ സംസ്കൃതി സംസ്ഥാന വൈസ് ചെയർമാൻ എം. അസിനാർ ആധ്യക്ഷം വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസൽ, മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട്, അഡ്വ.പി.നാരായണൻ ,എം.പ്രദീപ് കുമാർ എന്നിവർ പി ടി യുമായുള്ള ഓർമ്മകൾ പങ്കുവെച്ചു സംസാരിച്ചു. പി.ടി.യുടെ ഇഷ്ട ഗാനം രവീന്ദ്രൻ പാടച്ചേരിയുടെ പാട്ടുവീട് കുടുംബം അവതരിപ്പിച്ച് ഏറെ ശ്രദ്ധേയമായി. മാനവ സംസ്കൃതി ജില്ലാ ചെയർമാൻ എ.കെ.ശശിധരൻ സ്വാഗതവും സെക്രട്ടറി മഡിയൻ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.