കോട്ടപ്പുറം- കടിഞ്ഞിമൂല പാലം നിർമ്മാണം; പതിനാല് കോടിയോളം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എംഎൽഎ
നീലേശ്വരം: നഗരസഭയിലെ കോട്ടപ്പുറത്തെയും കടിഞ്ഞിമൂലയെയും ബന്ധിപ്പിക്കുന്ന പാലം നിർമ്മാണത്തിന് 13.92 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ വ്യക്തമാക്കി.
പതിറ്റാണ്ടുകളുടെ ആവശ്യമായ ഈ പാലം നിർമ്മാണത്തിന് 2016-21 കാലത്ത് ബഡ്ജറ്റിൽ ടോക്കൺ പ്രൊഫഷനിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ DPR തയ്യാറാക്കി വരുമ്പോൾ 13.92 കോടി രൂപ ചെലവു വരുമെന്നതിനാൽ ഇതിനായുള്ള ധനസഹായത്തിന് കേരള സർക്കാർ നബാർഡിൽ ഉൾപ്പെടുത്തുന്നതിന് പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുകയും ഇതിന്റെ ഭാഗമായി ഈ വർഷം നബാർഡ് ട്രാഞ്ചെ 27 ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പിന് അനുവദിച്ച 153.24 കോടി രൂപയിൽ ഉൾപ്പെടുത്തിയാണ് ഈ പാലത്തിന് 13.92 കോടി രൂപയുടെ ഭരണാനുമതി അനുവദിച്ചിട്ടുള്ളത്. ഇതിൽ 11.14 കോടി രൂപ നബാർഡ് വിഹിതവും 2.78 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതവും ആണ്
155 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും ആണ് പാലം രൂപകൽപന ചെയ്തിട്ടുള്ളത്. 6 സ്പാനുകൾ ഉള്ള ഈ പാലത്തിന് ഇരുഭാഗങ്ങളിലുമായി 350 മീറ്റർ അപ്രോച്ച് റോഡ് നിർമ്മിക്കും. കൂടാതെ ഇരുഭാഗങ്ങളിലും ഒരു മീറ്റർ വീതിയിൽ നടപ്പാത കേബിൾ ഡെക്റ്റ് എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കടിഞ്ഞിമൂല ഭാഗത്തെ ജനങ്ങൾ നിത്യേന ഏഴ് കിലോമീറ്റർ അധികം സഞ്ചരിച്ചു വേണം നീലേശ്വരം നഗരത്തിൽ എത്തിച്ചേരാൻ. പാലം നിർമ്മാണം പൂർത്തീകരിക്കുന്നതോടെ ദൂരവും സമയവും ലാഭിക്കാം എന്നതോടൊപ്പം ജില്ലയിലെ പ്രധാന ടൂറിസം മേഖലയായ കോട്ടപ്പുറം തീരദേശ ടൂറിസം പദ്ധതികൾക്ക് വലിയ രീതിയിൽ സൗകര്യപ്രദമാക്കുന്ന പദ്ധതി കൂടിയാണിതെന്ന് നിരീക്ഷിക്കപ്പെടുന്നു.