മോഷണം പഠിച്ചത് സോഷ്യൽ മീഡിയയിൽ നിന്ന്, പക്ഷേ രക്ഷപ്പെടാനുള്ള വഴിമാത്രം പഠിച്ചില്ല, വിവാജന് ഇഷ്ടം ആൾതാമസമില്ലാത്ത വീടുകൾ
വണ്ടൂർ: ആൾതാമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി വണ്ടൂർ പൊലീസിന്റെ പിടിയിൽ. വടക്കുംപാടം കരിമ്പൻതൊടി കുഴിച്ചോൽ കോളനി സ്വദേശി കല്ലൻ വീട്ടിൽ വിവാജനെയാണ്(36) അറസ്റ്റു ചെയ്തത്. ജനുവരി ഒന്നിന് വടക്കുംപാടത്തുള്ള വീടിന്റെ ജനൽ കമ്പി മുറിച്ചുമാറ്റി അകത്ത് കടന്ന് രണ്ട് പവൻ സ്വർണവും 20,000 രൂപയും മോഷണം പോയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം സമാന രീതിയിൽ നടുവത്ത് ചെമ്മരത്തുള്ള ഒരു വീട്ടിലും മോഷണം നടന്നു. വീട്ടുകാർ ബന്ധുവീട്ടിൽ പോയ തക്കം നോക്കി ജനൽകമ്പി മുറിച്ച് അകത്ത് കയറിയ മോഷ്ടാവ് അഞ്ച് പവൻ സ്വർണവും 2,000 രൂപയും കവർന്നിരുന്നു.പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവശേഷം നാട്ടിൽ നിന്ന് ഒളിവിൽ പോയ വിവാജനെ കുറിച്ച് വിവരം ലഭിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ വണ്ടൂർ ടൗണിൽ വച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ ഗുഡ്സ് ഓട്ടോയിൽ പഴ കച്ചവടം നടത്തുന്നതിൽ വന്ന സാമ്പത്തിക ബാധ്യത തീർക്കാൻ സമൂഹമാദ്ധ്യമങ്ങൾ വഴി ഇത്തരത്തിൽ മോഷണം നടത്തുന്ന വീഡിയോ ശ്രദ്ധയിൽപെട്ടാണ് ഈ രീതി തിരഞ്ഞെടുത്തതെന്നും ഓട്ടോയിൽ കറങ്ങിനടന്നാണ് ആളില്ലാത്ത വീടുകൾ നോക്കിവച്ചതെന്നും പൊലീസിനോട് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യാനായതോടെ മൂന്ന് വീടുകളിൽ നടന്ന മോഷണക്കേസുകൾക്കും തുമ്പുണ്ടാക്കാൻ വണ്ടൂർ പോലീസിന് സാധിച്ചു. രാത്രിയിൽ എടവണ്ണയിലെ താമസസ്ഥലത്തെ വീട്ടിൽ നിന്നും ജോലിക്കെന്ന് പറഞ്ഞ് പുറത്തിറങ്ങുന്ന പ്രതി മോഷണം നടത്തിയശേഷം പുലർച്ചെ വീട്ടിൽ തിരിച്ചെത്തുകയാണ് പതിവ്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.