രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടരലക്ഷം കടന്നു; ഒമിക്രോൺ രോഗികളുടെ എണ്ണത്തിലും വൻ വർദ്ധന
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 2,58,089 പുതിയ കൊവിഡ് കേസുകളാണ്. 13,13,444 ടെസ്റ്റുകളാണ് നടത്തിയത്. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത് 385പേരാണ്. നിലവിൽ 19.65% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് .ഇതുവരെ 8,209 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. മുമ്പുള്ള ദിവസങ്ങളിലെക്കാൾ 6.02% വർദ്ധനവാണ് ഒമിക്രോൺ രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. നിലവിൽ 16,56,341കൊവിഡ് രോഗികളാണ് ഇന്ത്യയിൽ ചികിത്സയിൽ കഴിയുന്നത്. 1,51,740 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 3,52,37,461 ആയി. നിലവിൽ 94.27% ആണ് ഇന്ത്യയുടെ രോഗമുക്തി നിരക്ക്.2021 ജനുവരി 16ന് ആരംഭിച്ച കൊവിഡ് പ്രതിരോധ വാക്സിനേഷന്റെ ഭാഗമായി ഇതുവരെ 157.20 കോടി ഡോസുകളാണ് നൽകിയിട്ടുണ്ട്. 15-18 പ്രായക്കാർക്കുള്ള വാക്സിനേഷൻ ജനുവരി മൂന്നിന് ആരംഭിച്ചിരുന്നു. നിലവിൽ 3.3 കോടിയിലധികം കൗമാരക്കാർക്ക് ആദ്യ ഡോസ് ലഭിച്ചു. നിരവധി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും രാജ്യത്തുടനീളം കൊവിഡ് വെല്ലുവിളിയായിക്കൊണ്ടിരിക്കുകയാണ്.