പെൺകുട്ടിയെ കടത്താൻ ബംഗാളിൽ നിന്ന് കേരളത്തിലെത്തി, ഇരുപത്തഞ്ചുകാരി സാത്തി ബീവി ആള് ചെറിയ പുള്ളിയല്ല
ചാലക്കുടി: അതിഥി തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്തിനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദ്ധാനം നൽകി കൊരട്ടിയിലെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുപോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിനി സാത്തി ബീവിയെ (25) ആണ് എസ്.എച്ച്.ഒ: ബി.കെ. അരുണിന്റെ നേതൃത്വത്തിൽ പിടികൂടിയത്.കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.മാതാപിതാക്കൾ ജോലിക്കുപോയ സമയം പെൺകുട്ടിയുടെ ബംഗാൾ സ്വദേശിയായ സുഹൃത്തിനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് പെരുമ്പാവൂരിലേക്ക് കൊണ്ടുപോയത്.പരാതി ലഭിച്ചതിനെത്തുടർന്ന് ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്താഷിന്റെ നിർദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കാണാതായ പെൺകുട്ടിയെയും പ്രതിയെയും പെരുമ്പാവൂരിൽ നിന്നും കണ്ടെത്തിയത്.മൂർഷിദാബാദിലുള്ള ഭർത്താവ് അറിയാതെ പെരുമ്പാവൂരിൽ ജോലി ചെയ്യുന്ന പുരുഷസുഹൃത്തിനെ കാണാൻ വന്നതാണെന്നും പെൺകുട്ടിയേയും കൂട്ടി കൊൽക്കത്തയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നും സാത്തി ബീവി പൊലീസിനോട് സമ്മതിച്ചു. ട്രെയിൻമാർഗം കൊൽക്കത്തയിലേക്ക് പോകുമ്പോൾ പൊലീസ് പരിശോധനയിൽ പിടിയിലാകുനുള്ള സാദ്ധ്യത കൂടുതലാണെന്ന് മനസിലാക്കി പ്രതി അന്തർസംസ്ഥാന ബസുകളിലാണ് പെൺകുട്ടിയെ കടത്താൻ ശ്രമിച്ചത്.ദീർഘദൂര സർവീസ് നടത്തുന്ന ട്രാവൽ ഏജൻസികളിൽ നടത്തിയ അന്വേഷണത്തിൽ പ്രതി പെൺകുട്ടിയുമായി രാത്രിയാത്രയ്ക്ക് ബുക്ക് ചെയ്ത യാത്രാരേഖകൾ കണ്ടെത്തി. തുടർന്ന് മഫ്തിയിൽ ട്രാവൽ ഏജൻസി ഓഫീസിലും യാത്രക്കാരെന്ന വ്യാജേന ബസിലും കയറിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.പ്രത്യേക അന്വേഷണസംഘത്തിൽ എസ്.ഐ: സി.എസ്. സൂരജ്, എ.എസ്.ഐമാരായ എം.വി. സെബി, ജയ്സൺ, സീനിയർ സി.പി.ഒമാരായ സജിമോൻ, കെ.എം. നിതീഷ്, അശ്വതി എന്നിവരും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.