തിരുവനന്തപുരം: കുടപ്പനക്കുന്നിൽ വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തി കേസിൽ മൂന്നുപേർ പിടിയിൽ. മാലദ്വീപ് സ്വദേശി ഫുലു(60), തിരുവനന്തപുരം, കൊച്ചി സ്വദേശിനികളായ രണ്ട് യുവതികൾ എന്നിവരെയാണ് പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്. അനാശ്യാസ കേന്ദ്രം നടത്തിയിരുന്ന രമേശ് കുമാർ രക്ഷപ്പെട്ടു.
കുടപ്പനക്കുന്ന് എ.കെ.ജി. നഗറിലെ വാടക വീട്ടിൽ വെള്ളനാട് സ്വദേശി രമേശ് കുമാർ എന്നയാളാണ് പെൺവാണിഭകേന്ദ്രം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. വാഹനങ്ങളിൽ നിരന്തരം സ്ത്രീകളും പുരുഷന്മാരും വന്നു പോകുന്നതിൽ സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് വീട് റെയ്ഡ് ചെയ്യുകയായിരുന്നു. ഓൺലൈൻ വഴിയാണ് സംഘവുമായി ബന്ധപ്പെട്ടതെന്ന് ഫുലു പറഞ്ഞതോടെ ഈ വഴിക്കും പോലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ ഫുലുവിനെ റിമാൻഡ് ചെയ്തു. യുവതികളെ ജാമ്യത്തിൽ വിട്ടു.
രക്ഷപ്പെട്ട രമേശ് കുമാർ ആര്യനാട്, നെടുമങ്ങാട് പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയാണെന്ന് സൂചനയുണ്ട്. നേരത്തെ ഈ സംഘം മണ്ണന്തല, മുട്ടട പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞാണ് ഇവർ ഇടയ്ക്കിടെ സ്ഥലം മാറി ഇത്തരത്തിൽ പെൺവാണിഭത്തിലേർപ്പെടുന്നത്. മുട്ടടയിൽ ഇവരെ പിന്തുടർന്നെങ്കിലും അന്ന് പിടികൂടാനായില്ല. രണ്ടാഴ്ച മുൻപാണ് ഇവർ കുടപ്പനക്കുന്നിനടുത്ത് വീടെടുത്തത്.