രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; പ്രതിദിന കേസുകൾ ഇന്നും രണ്ടര ലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. തുടർച്ചയായ രണ്ടാം ദിവസവും രോഗികളുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 43,211 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.കർണാടകയിൽ ഇന്നലെ 28,723 പേർക്കും, തമിഴ്നാട്ടിൽ 23,459 പേർക്കും, ബംഗാളിൽ 22,645 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം 8963 പേരിലാണ് രോഗം കണ്ടെത്തിയത്. നാളെ തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗണാണ്.ഡൽഹിയിലും സ്ഥിതി അതീവ ഗുരുതരമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം പിന്നിട്ടു. രാജ്യതലസ്ഥാനത്ത് ഇന്നും നാളെയും കർഫ്യൂ ഏർപ്പെടുത്തി. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്നും, എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി.