ബേക്കൽ: ഭർത്താവ് സമ്മാനിച്ച സ്വർണ്ണാഭരണങ്ങളും സമ്മാനവുമായി കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്കും ബന്ധുക്കൾക്കുമെതിരെ പൂച്ചക്കാട് സ്വദേശി നൽകിയ പരാതിയിൽ ബേക്കൽ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. പൂച്ചക്കാട്ടെ 28 കാരന്റെ പരാതിയിൽ കളനാട്ടെ അബ്ദുൾഖാദറിന്റെ മകൾ ഫാത്തിമ കെ.ഏ. കാമുകൻ കാസർകോട് സന്തോഷ് നഗറിലെ അജ്മൽ ജാസിം, ഫാത്തിമയുടെ മാതാപിതാക്കളായ അബ്ദുൾ ഖാദർ, സഫൂറ എന്നിവർക്കെതിരെയാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്.
2021 നവംബർ 1 നാണ് പൂച്ചക്കാട് സ്വദേശിയും ഫാത്തിമയുമായുള്ള വിവാഹം മതാചാര പ്രകാരം നടന്നത്. വിവാഹം നടന്നതിന് തൊട്ടു പിന്നാലെ ഫാത്തിമയെ പൂച്ചക്കാട്ടെ ഭർതൃഗൃഹത്തിൽ നിന്നും കാണാതായിരുന്നു. ഫാത്തിമയെ കാണാനില്ലെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് യുവതി കാമുകനൊപ്പം വീടു വിട്ടതായി കണ്ടെത്തിയത്.
താൻ സമ്മാനമായി നൽകിയ 28 പവൻ സ്വർണ്ണാഭരണങ്ങളും, 1 ലക്ഷം രൂപ വിലയുള്ള ഐ ഫോണും, പിറന്നാളിന് കൊടുത്ത 65,000 രൂപയുമായാണ് ഫാത്തിമ വീടുവിട്ടതെന്നാണ് പൂച്ചക്കാട് യുവാവിന്റെ പരാതി. ഇവയ്ക്കെല്ലാം കൂടി 10 ലക്ഷം രൂപ വില മതിക്കും. മകൾക്ക് അജ്മൽ ജാസിമുമായുള്ള ബന്ധം അറിഞ്ഞുകൊണ്ട് രക്ഷിതാക്കൾ തന്നെ ചതിയിൽപ്പെടുത്തുകയായിരുന്നുവെന്നാണ് യുവാവ് പരാതിപ്പെട്ടത്.