അടുക്കിവച്ചിരുന്ന ഈന്തപ്പഴ പാക്കറ്റുകൾക്ക് കഞ്ചാവിന്റെ മണം; കവറുകൾ മാറ്റിയപ്പോൾ എക്സൈസ് ഉദ്യോഗസ്ഥന് കിട്ടിയത് എട്ട് കിലോ കഞ്ചാവ്
വാളയാർ: ഈന്തപ്പഴ പാക്കറ്റുകൾക്കടിയിൽ എട്ട് കിലോ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുക്കോട്ടൈ സ്വദേശി എം രവിചന്ദ്രനാണ് (49) ആണ് എക്സൈസ് ചെക്പോസ്റ്റ് ടീമിന്റെ വാഹന പരിശോധനയ്ക്കിടെ പിടിയിലായത്. കെഎസ്ആർടിസി ബസിലാണ് ഇയാൾ കഞ്ചാവുമായി കടക്കാൻ ശ്രമിച്ചത്.കഞ്ചാവിന് മുകളിൽ ഈന്തപ്പഴ പാക്കറ്റുകൾ അടുക്കിവച്ച നിലയിലായിരുന്നു. ഈന്തപ്പഴം എടുത്തപ്പോൾ കഞ്ചാവിന്റെ മണം അനുഭവപ്പെട്ട ഉദ്യോഗസ്ഥൻ കവറുകൾ മുഴുവൻ മാറ്റിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. തിരുച്ചെന്തൂരിൽ നിന്നും കോഴിക്കോട്ടേയ്ക്കാണ് ഇവ കൊണ്ടുപോകാൻ ശ്രമിച്ചതെന്നും, കോഴിക്കോട് ഹാർബർ കേന്ദ്രീകരിച്ചാണ് കഞ്ചാവിന്റെ വിൽപ്പന നടക്കുന്നതെന്നും പ്രതി മൊഴി നൽകി. ഇതിനു മുൻപും സമാനമായ രീതിയിൽ ഇയാൾ പച്ചക്കറികൾക്കും പഴങ്ങൾക്കും അടിയിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തിയിരുന്നെന്നും എക്സൈസ് പറഞ്ഞു.എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസ്, പ്രിവന്റീവ് ഓഫീസർമാരായ മുഹമ്മദ് ഷെരീഫ്, സി ഷിബുകുമാർ, വി പ്രവീൺ, കെ വേണുഗോപാൽ, വി ദേവകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി എസ് അനിൽകുമാർ, എൻ രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.