മാണ്ഡ്യ: മൈസൂരിനടുത്ത് ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച ഹനുമാന് ക്ഷേത്രം ദേശീയ പാതാ വികസനത്തിനായി പൊളിച്ചുമാറ്റുന്നു. 200 വര്‍ഷത്തിലധികം പഴക്കമുള്ള ക്ഷേത്രമാണ് മൈസൂരു-ബെംഗളൂരു ദേശീയ പാതയ്ക്കായി പൊളിച്ചുമാറ്റുന്നത്.
ക്ഷേത്രം പുനസ്ഥാപിക്കാന്‍ മുസറായി ഡിപ്പാര്‍ട്ട്മെന്റിന് അനുയോജ്യമായ സ്ഥലം നല്‍കുമെന്ന് ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥന് പറഞ്ഞു. അതേസമയം എവിടെ സ്ഥലം നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. തന്റെ രണ്ടാം ഭാര്യയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് ടിപ്പു ഹനുമാന് ക്ഷേത്രം നിര്‍മ്മിച്ചത്. ടിപ്പുവിന്റെ രണ്ടാം ഭാര്യ ഹിന്ദുമത വിശ്വാസിയായിരുന്നു.
ഹനുമാന്റെ അഞ്ചടിയുള്ള വിഗ്രഹമാണ് ക്ഷേത്രത്തിനുള്ളിലുള്ളത്. അടുത്തിടെയാണ് മുസറായി ഡിപ്പാര്‍ട്ട്മെന്റ് ക്ഷേത്രം പുതുക്കിപണിഞ്ഞ് വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്.
പാഠപുസ്തകങ്ങളില്‍നിന്ന് കര്‍ണാടക സര്‍ക്കാര്‍ ടിപ്പു സുല്‍ത്താന്റെ ചരിത്രഭാഗങ്ങള്‍ നീക്കം ചെയ്യുന്ന നടപടികള്‍ക്കിടെയാണ് ടിപ്പു നിര്‍മ്മിച്ച ഹിന്ദു ആരാധനാലയം പൊളിച്ചുമാറ്റുന്നതെന്നതും ശ്രദ്ധേയമാണ്.