പൂചന്തയിൽ കണ്ടെത്തിയ ബാഗിൽ അതി സ്ഫോടന ശേഷിയുള്ള ബോംബ്; നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം
ന്യൂഡൽഹി: ഡൽഹി ഗാസിപൂരിലെ പൂചന്തയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട ബാഗിൽ നിന്ന് ബോംബ് കണ്ടെടുത്തു. ഇത് മാരകമായ സ്ഫോടകശേഷിയുള്ള ഐ ഇ ഡിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.നല്ല തിരക്കുള്ള പ്രദേശത്ത് നിന്നാണ് ബോംബ് കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് ആളുകളെ ഒഴിപ്പിക്കുകയും ബോംബ് സ്ക്വാഡ് എത്തി നിയന്ത്രിതമായ സ്ഫോടനം നടത്തി ബോംബ് നിർവീര്യമാക്കുകയുമായിരുന്നു. ഡൽഹിക്കും ഉത്തർപ്രദേശിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ചന്തയിൽ എട്ടടിയുള്ള കുഴിയുണ്ടാക്കിയാണ് സ്ഫോടനം നടത്തിയത്ഒൻപതരയോടെ സ്കൂട്ടറിൽ ചന്തയിലെത്തിയയാൾ ബാഗ് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഏറെ നേരത്തിന് ശേഷമാണ് ബാഗ് ആളുകളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അടുത്ത മാസം യുപിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണോ ബോംബ് നിക്ഷേപിച്ചതെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.