വിവാഹിതയാകുന്നതോടെ ‘ഇല്ല’ എന്ന് പറയാനുള്ള അവകാശം നഷ്ടപ്പെടുന്നതെങ്ങനെ, ലൈംഗിക ബന്ധത്തോട് “നോ” പറയാനുള്ള അവകാശം ഭാര്യക്കുണ്ട്; ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധത്തോട് നോ പറയാന്‍ എല്ലാ സ്ത്രീകൾക്കും അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നത് സംബന്ധിച്ച പരാതികള്‍ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം.ലൈംഗികത്തൊഴിലാളിക്ക് സെക്സിന് താല്പര്യമില്ലെന്ന് പറയാനുള്ള അവകാശമുള്ളപ്പോള്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് ആ അവകാശം ലഭിക്കതെ പോകുന്നത് എന്തുകൊണ്ടാണ്. ‘ഇല്ല’ എന്ന് പറയാനുള്ള അവകാശം വിവാഹിതയാകുന്നതോടെ ഒരു സ്ത്രീയ്ക്ക് നഷ്ടപ്പെടുമോയെന്നും എന്തുകൊണ്ടാണ് അവിവാഹിതയായ ഒരു സ്ത്രീയില്‍ നിന്ന് വിവാഹിതയായ സ്ത്രീയുടെ പ്രശ്നം വ്യത്യസ്തമായിരിക്കുന്നതെന്നും കോടതി ചോദിച്ചു. ലൈംഗിക കാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള അവകാശം സ്ത്രീക്കുണ്ട്. അതിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്നും കോടതി പറഞ്ഞു.ഇന്ത്യന്‍ ബലാത്സംഗ നിയമം ഭര്ത്താക്കന്മാര്ക്ക് അനുവദിച്ചിരിക്കുന്ന ഇളവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ജിഒകളായ ആര്‍ഐടി ഫൗണ്ടേഷന്, ഓള് ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന് എന്നീ സംഘടനകളും ഒരു പുരുഷനും ഒരു സ്ത്രീയും സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. വിശദമായി വാദം കേള്‍ക്കുന്നതിനായി കേസ് ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു.ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമല്ലെന്ന് ഓഗസ്റ്റ് 12 ന് മുംബൈ സിറ്റി അഡീഷണൽ സെഷൻസ് കോടതിയും വൈവാഹിക ബലാത്സംഗമെന്നത് കുറ്റമല്ലെന്ന് ഓഗസ്ത് 26 ന് ഛത്തീസ്ഗഢ് കോടതിയും വിധിച്ചിരുന്നു. എന്നാല്‍ വൈവാഹിക ബലാത്സംഗം ക്രൂരതയാണെന്നും അത് വിവാഹമോചനത്തിന് കാരണമാകാമെന്നാണ് ഓഗസ്റ്റ് ആറിന് കേരള ഹൈക്കോടതി വിധിച്ചത്.