ചൊവ്വാഴ്ച വരെ അറസ്റ്റുണ്ടാകില്ല; ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി മാറ്റി
കൊച്ചി: നടൻ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതുവരെ അറസ്റ്റ് ഉണ്ടാകില്ല. ദിലീപിന് പുറമേ സഹോദരൻ അനൂപ് (പി. ശിവകുമാർ), സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെമങ്ങമനാട് എന്നിവരാണ് മുൻകൂർ ജാമ്യം തേടിയത്.സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ വിചാരണ നടക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിന് ദൃക്സാക്ഷിയായ ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത ശബ്ദരേഖയും ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.കൂടുതൽ തെളിവിനായി ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം ദിലീപിന്റെ വീടും നിർമാണ കമ്പനിയുമടക്കം മൂന്നിടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിരുന്നു. ദിലീപ് ഇപ്പോൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണും പൊലീസ് കൊണ്ടുപോയി. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ദിലീപ് തോക്ക് ചൂണ്ടി സംസാരിച്ചെന്നും ബാലചന്ദ്രകുമാർ മൊഴി നൽകിയ സാഹചര്യത്തിലായിരുന്നു റെയ്ഡ്.