‘ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടുംവരെ പോരാട്ടം തുടരും, മരിക്കാനും തയ്യാറായാണ് നിൽക്കുന്നത്’; കോടതിവിധി വിശ്വസിക്കാനാവുന്നില്ലെന്ന് സിസ്റ്റർ അനുപമ
കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട കോടതിവിധി വിശ്വസിക്കാനാവുന്നില്ലെന്ന് കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർ അനുപമ. പണവും സ്വാധീനവുമുണ്ടെങ്കിൽ എന്തും നേടാവുന്ന കാലമാണിത്. അത്തന്നെയാണ് ഇവിടെയും സംഭവിച്ചതെന്നാണ് ഈ വിധിയിലൂടെ മനസിലായതെന്ന് സിസ്റ്റർ അഭിപ്രായപ്പെട്ടു.കേസിൽ സിസ്റ്ററിന് നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും തീർച്ചയായും അപ്പീൽ പോകുമെന്നും സിസ്റ്റർ അനുപമ പറഞ്ഞു. ‘മരിക്കേണ്ടി വന്നാലും ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടുംവരെ പോരാടും. ബിഷപ്പ് ഫ്രാങ്കോ ആവശ്യത്തിന് പണവും ആവശ്യത്തിന് സ്വാധീനവുമുളളയാളാണ്. അതിന്റെ പുറമേയാണ് ഇതെല്ലാം സംഭവിച്ചത്.’ സിസ്റ്റർ അനുപമ പ്രതികരിച്ചു. കേസിൽ കൂടെനിന്നവർക്ക് നന്ദി പറയുന്നതായും തുടർന്നും കേസിൽ ശക്തിപ്പെടുത്താനും ഒപ്പമുണ്ടാകുമെന്ന് കരുതുമെന്നും സിസ്റ്റർ പറഞ്ഞു. ഇത്തരമൊരു വിധി ഒരിക്കലും പ്രതീക്ഷിച്ചില്ല, വിധിയെ വിശ്വസിക്കുന്നില്ല. പൊലീസും പ്രോസിക്യൂഷനും കേസിനെ നല്ല രീതിയിൽ കാണുകയും തെളിവുകളും നൽകിയിരുന്നു. എന്നീട്ടും എന്ത് സംഭവിച്ചെന്നറിയില്ല. സിസ്റ്റർ വ്യക്തമാക്കി. അന്വേഷണ സംഘത്തെ വിശ്വാസമുണ്ട്.സഭയ്ക്ക് ഉളളിൽ പണ്ടും ഇപ്പോഴും തങ്ങൾ സുരക്ഷിതരല്ല. മരിക്കാനും തയ്യാറായാണ് നിൽക്കുന്നത്, എന്നാൽ പുറത്ത് പൊലീസ് നല്ല രീതിയിൽ സംരക്ഷണം നൽകിയെന്നും സിസ്റ്റർ അനുപമ പറഞ്ഞു.