ജാമ്യം ലഭിക്കുന്ന കാര്യം ഇന്നറിയാം; ദിലീപിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ ദിലീപും സഹോദരനും സഹോദരി ഭർത്താവും ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയെന്ന ബാലചന്ദ്രകുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ വിചാരണ നടക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിന് ദൃക്സാക്ഷിയായ ബാലചന്ദ്രകുമാർ സംഭാഷണങ്ങളുടെ റെക്കോർഡ് ചെയ്ത ശബ്ദരേഖയും ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാൽ വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചിരുന്നു.കൂടുതൽ തെളിവിനായി ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം ദിലീപിന്റെ വീടും നിർമാണ കമ്പനിയുമടക്കം മൂന്നിടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിരുന്നു. ദിലീപ് ഇപ്പോൾ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ അഭിഭാഷകന്റെ ആവശ്യപ്രകാരം പ്രത്യേക കൈപ്പറ്റു ചീട്ടെഴുതി നൽകിയാണ് കൈപ്പറ്റിയത്. സിം കാർഡുകൾ തിരികെ നൽകി. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ദിലീപ് തോക്ക് ചൂണ്ടി സംസാരിച്ചെന്നും ബാലചന്ദ്രകുമാർ മൊഴി നൽകിയ സാഹചര്യത്തിലായിരുന്നു റെയ്ഡ്.