കോവിഡ് കാലം സർഗ്ഗാത്മകത നിമിഷങ്ങളാക്കി,
ഗൗതം എരവിലിന് ഇന്ത്യാ ബുക്സിന്റെ അംഗീകാരം.
പിലിക്കോട്: കോവിഡിന്റെ ഒന്നാം തരംഗത്തെ തുടർന്ന് വിദ്യാലയങ്ങൾ അടഞ്ഞുകിടന്നപ്പോൾ പഠനമില്ലാക്കാലത്തെ സർഗ്ഗപരമായി വിനിയോഗിച്ച ഗൗതം എരവിൽ എന്ന കൊച്ചു മിടുക്കന് ഇന്ത്യാ ബുക്സിന്റെ അംഗീകാരം. വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ റെക്കോർഡ് സൃഷ്ടിക്കുന്നവർക്ക് ഇന്ത്യാ ബുക്സ് നൽകുന്ന അംഗീകാരത്തിനാണ് ഗൗതം അർഹനായത്.
2020 ജൂൺ 28 മുതൽ ആരംഭിച്ച വാർത്താ വായന അഞ്ഞൂറിലധികം ദിവസം പിന്നിട്ടിരിക്കുന്ന വേളയിലാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഗൗതം എരവിൽ സ്ഥാനം പിടിച്ചത്.
ബാഡ്ജും സർട്ടിഫിക്കറ്റും മെഡലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് ബുക്കും ഐബിആർ പേനയും ഐ ഡി കാർഡും ആണ് ലഭിച്ചത്.
കോവിഡ് മഹാമാരിക്കാലം സ്ക്കൂളുകൾ തുറക്കാതെ വീട്ടിലിരുന്ന് പഠിക്കാൻ നിർബന്ധിപ്പിക്കപ്പെട്ട കാലത്താണ് ഇത്തരമൊരു സർഗ്ഗാത്മകതയ്ക്ക് തുടക്കമിടുന്നത്.
പഠനങ്ങൾ ഓൺലൈനിലായപ്പോൾ തങ്ങളുടെ ഒഴിവു സമയങ്ങൾ പഠനോത്തോടൊപ്പം വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കാനും കൂടിയുള്ളതാണെന്ന് തെളിയിച്ചു കഴിഞ്ഞു.
സ്ഥിരമായി വാർത്ത വായിക്കുക, വെറും വായനയല്ല ഒരു ടി വി വാർത്തയുടെ ശൈലിയിൽ ആകർഷമായി അവതരിപ്പിക്കുക, വാർത്തകളും അതിൻ്റെ വിശദാംശങ്ങളും പങ്കുവെക്കുക, ഓരോ ദിവസത്തെയും പ്രാധാന്യത്തെക്കുറിച്ച് സ്പെഷ്യൽ എഡിഷൻ ചെയ്യുക, വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യും പോലെ വാർത്തയെ ലൈവ് ആക്കുക …
കഴിഞ്ഞ അഞ്ഞൂറു ദിവസത്തിലധികമായി ഗൗതം എരവിൽ എന്ന ആറാം ക്ലാസ്സുകാരൻ തൻ്റെ ജി & ജി ന്യൂസുമായി സജീവമാണ്. സ്ക്കൂൾ ഗ്രൂപ്പിൽ മാത്രമല്ല നിരവധി വാട്സാപ്പ് ഗ്രൂപ്പുകളിൽ നിത്യേന എത്തുന്ന ഗൗതം എരവിൽ എന്ന കുഞ്ചൂസിൻ്റെ വാർത്ത വായനയ്ക്ക് ആരാധകരുണ്ട്.
2020 ജൂൺ മാസത്തിലാണ് സ്ക്കൂൾ ഗ്രൂപ്പിൽ ക്ലാസ്സ് ടീച്ചറായ വസന്ത ടീച്ചർ എല്ലാ കുട്ടികളും സ്ഥിരമായി പത്രം വായിച്ച് ഗ്രൂപ്പിൽ പങ്കു വെക്കണം എന്നാവശ്യപ്പെട്ടത്. എല്ലാ കുട്ടികളും അതേറ്റെടുത്തു. ഗൗതം തനിക്ക് ഇഷ്ടപ്പെട്ട ന്യൂസ് ചാനൽ പ്രതിനിധികളുടെ ശൈലിയിൽ നിന്ന് പഠിച്ച് പുതിയ ഒരു ശൈലിയിൽ ഗ്രൂപ്പിൽ അവതരിപ്പിച്ചു തുടങ്ങിയപ്പോൾ അദ്ധ്യാപകരും കൂട്ടുകാരും പിന്തുണയും പ്രോത്സാഹനവും നൽകി. ചന്തേര ഗവൺമെൻ്റ് യു പി സ്ക്കൂൾ അദ്ധ്യാപകരായ വസന്ത ടീച്ചറും രവി മാഷും ജയശ്രീ ടീച്ചറും രാധിക ടീച്ചറും ദിപടീച്ചറും തമ്പാൻ മാഷും പ്രമോദ് മാഷും നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളുമായി എത്തിയത് കൊണ്ട് ആ പംക്തി ഒരു സ്ഥിരം സംവിധാനമായി.
ജി & ജി ന്യൂസ് സ്ക്കൂൾ ഗ്രൂപ്പിൽ മാത്രമല്ല മറ്റ് സാംസ്ക്കാരിക സംഘടനകളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ഇപ്പോൾ സ്ഥിരമായി പോസ്റ്റ് ചെയ്യാറുണ്ട്.
എൻ ടി വി എന്ന ഓൺലൈൻ മാധ്യമത്തിലും ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിലും ഇത് വലിയ വാർത്തയുമായിരുന്നു. പ്രധാന ടിവി വാർത്താ അവതാരകരായ സുജയ പാർവ്വതി, കെ ജി കമലേഷ്, മുജീബ് റഹ്മാൻ എന്നിവർ ഗൗതമിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചത് വലിയ സന്തോഷം നൽകിയതായി ഈ കുട്ടി വാർത്താ വായനക്കാരൻ പറയുന്നു.
പുതിയ പഠനരീതികളോടുള്ള സമൂഹത്തിൻ്റെ പ്രതികരണം തേടിയുള്ള ഇ-ബെൽ എന്ന പരമ്പര ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഇംഗ്ലീഷും മലയാളവും ഉൾപ്പെടെ നാല് ദിനപത്രങ്ങളും വിവിധ ടെലിവിഷൻ ന്യൂസ് ചാനലുകളും ശ്രദ്ധിച്ചാണ് ഗൗതം വാർത്തകൾ തയ്യാറാക്കുന്നത്.
ദിവസത്തിൻ്റെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ട് സഹോദരി കൂടിയായ ഗായത്രി എരവിൽ ആണ് ജി & ജി ന്യൂസ് സ്പെഷ്യൽ ചെയ്യുന്നത്. രണ്ടു പേരുടെയും ആദ്യാക്ഷരങ്ങൾ ചേർത്താണ് ജി & ജി ന്യൂസ് എന്ന് വാർത്താ ചാനലിന് പേര് നൽകിയത്.
ജി യു പി സ്ക്കൂൾ ചന്തേരയിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ഗൗതം. ഗായത്രി എരവിൽ പിലിക്കോട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ പത്താംതരം വിദ്യാർത്ഥിനിയും ആണ്.
കേരള ജല അതോറിറ്റി ജീവനക്കാരൻ വിനോദ് എരവിലിന്റെയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ജീവനക്കാരി പി വി ഷൈനിയുടെയും മകനാണ് ഗൗതം എരവിൽ.